ന്യൂഡൽഹി: കോൺഗ്രസിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി. റഷ്യക്കും ഉക്രെയ്നും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് മോഡി എന്നാണ് പ്രശംസ. റഷ്യ ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാട് തെറ്റായിരുന്നെന്നും അത് തിരുത്തിയെന്നും വ്യക്തമാക്കിയാണ് തരൂരിൻ്റെ പുതിയ പരാമർശം. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന റേസിന ഡയലോഗിലായിരുന്നു തരൂരിൻ്റെ പ്രസ്താവന.
റഷ്യ ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ലന്നായിരുന്നു തരൂരിൻ്റെ മുൻ വിമർശനം. ഇരു രാജ്യങ്ങളുടെ പ്രസിഡൻറുമാരുമായി സംസാരിച്ചതല്ലാതെ മോഡി യാതൊരു നിലപാടും സ്വീകരിക്കുന്നില്ലെന്നും തരൂർ അന്ന് പറഞ്ഞിരുന്നു. ഈ നിലപാട് തെറ്റായിപ്പോയെന്നാണ് തരൂരിൻ്റെ പുതിയ പ്രസ്താവന. മോദിയുടെ നയത്തെ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു.
നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ടും തരൂർ മോഡിയെ പുകഴ്ത്തിയിരുന്നു. ട്രംപിൻ്റെ പ്രശംസയ്ക്ക് പിന്നാലെയായിരുന്നു തരൂരിൻ്റെ വാക്കുകൾ. അന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി പാർട്ടിക്ക് വിരുദ്ധമായി സംസാരിക്കരുതെന്ന നിർദേശം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെയാണ് വീണ്ടും മോഡിയെ പുകഴ്ത്തി തരൂർ രംഗത്തെത്തിയിരിക്കുന്നത്.
വ്യവസായമേഖലയിൽ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു. അതേസമയം, മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമർശം ബിജെപി ഏറ്റെടുത്തിട്ടുണ്ട്. പരാമർശം കെ സുരേന്ദൻ എക്സിൽ പങ്കുവെച്ചു.