Thursday, July 31, 2025
Mantis Partners Sydney
Home » പ്രധാനമന്ത്രിയുമായി തുള്‍സി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തി; മഹാ കുംഭമേളയിൽ നിന്നുള്ള ഗംഗാജലം കൈമാറി.
തുള്‍സി ഗബ്ബാര്‍ഡ്

പ്രധാനമന്ത്രിയുമായി തുള്‍സി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തി; മഹാ കുംഭമേളയിൽ നിന്നുള്ള ഗംഗാജലം കൈമാറി.

by Editor

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തി. മഹാ കുംഭമേളയിൽ ശേഖരിച്ച ഗംഗാ ജലം ഗബ്ബാർഡിന് സമ്മാനമായി മോദി കൈമാറി. മഹാകുംഭമേള നടന്ന പ്രയാഗ്‌രാജില്‍നിന്ന് ശേഖരിച്ച ഗംഗാജലമാണ് ഗബ്ബാര്‍ഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്. ഇന്ത്യ – യു.എസ് പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും ഭീകരവാദം നേരിടുന്നതിനെക്കുറിച്ചും, സൈബര്‍സുരക്ഷ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.

പ്രധാനമന്ത്രി മോദി മഹാ കുംഭമേളയെക്കുറിച്ചും ഈ വർഷത്തെ ചടങ്ങ് 660 ദശലക്ഷത്തിലധികം ആളുകളെ ആകർഷിച്ചുവെന്നും ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമാണെന്നും വിശദീകരിച്ചു. ഗബ്ബാർഡ് പ്രധാനമന്ത്രി മോദിക്ക് തുളസി മാല സമ്മാനിച്ചു. കൃഷ്ണഭക്തർ ധരിക്കുന്ന തുളസി മുത്തുകൾ ദുർസ്വപ്നങ്ങളിൽ നിന്നും നെഗറ്റീവ് എനർജികളിൽ നിന്നും സംരക്ഷണം നൽകുമെന്നാണ് വിശ്വാസം.

ഒരു ഹിന്ദു എന്ന നിലയിൽ, ജീവിതത്തിലെ സങ്കീർണ ഘട്ടങ്ങളിൽ ഭഗവദ്ഗീതയിലെ കൃഷ്ണന്റെ ഉപദേശങ്ങളിൽ നിന്നാണ് താൻ മാർഗനിർദേശവും ശക്തിയും ലഭ്യമാക്കുന്നതെന്ന് ഗബ്ബാർഡ് മുൻപ് വാർത്താ ഏജൻസി ANIയോട് വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ സന്ദർശിച്ചപ്പോൾ ഗബ്ബാർഡിനെയും കണ്ടിരുന്നു. ഇന്ത്യ-യുഎസ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുന്നതായും മോദി പ്രസ്താവിച്ചിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ചക്ക് മുൻപ് ഗബ്ബാർഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്ലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) അമേരിക്കൻ മണ്ണിൽ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ പ്രധാന ചർച്ചാവിഷയമായി.

ഒരു ബഹുരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഗബ്ബാർഡ് രണ്ടര ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ്. സന്ദർശന വേളയിൽ ഗബ്ബാർഡ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിൽ നടന്ന കോൺക്ലേവിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇന്റലിജൻസ് സഹകരണം, സൈബർ സുരക്ഷ, പ്രതിരോധ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി അടുത്തിടെ ചുമതലയേറ്റ അവര്‍ക്ക് സി.ഐ.എയും എഫ്.ബി.ഐയും എന്‍.എസ്.എയുമടക്കം 18 അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ട ചുമതലയാണുള്ളത്. യു.എസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസിയായ ഗബാര്‍ഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. തുള്‍സി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഗബാര്‍ഡ് യഥാര്‍ഥത്തില്‍ അമേരിക്കക്കാരിയാണ്.

Send your news and Advertisements

You may also like

error: Content is protected !!