ന്യൂഡൽഹി: പ്രവർത്തകസമിതിയംഗവും എംപിയുമായ ശശി തരൂർ വീണ്ടും വിദേശപര്യടനത്തിന്. നരേന്ദ്ര മോദിയുടെ ദൗത്യവുമായാണ് യുകെ, റഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ ശശി തരൂർ സന്ദര്‍ശനം നടത്തുക. ഓപ്പറേഷന്‍ സിന്ദൂരിന്റെ തുടര്‍ച്ചയായാണ് ശശി തരൂരിന്റെ യാത്ര. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയും കോൺഗ്രസ് നേതൃത്വത്തോട് ഈ യാത്രയുമായി ബന്ധപ്പെട്ടു അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.
തരൂരിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ കോൺഗ്രസ് നേതൃനിരയില്‍ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി ലൈന്‍ നിരന്തരം ലംഘിക്കുന്ന തരൂര്‍ എന്ത് പറഞ്ഞാലും അവഗണിക്കുകയെന്ന പതിവ് നിലപാട് തുടരാനാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. തന്‍റെ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുന്നില്ലെന്ന പരാതി തരൂര്‍ തുറന്ന് പറഞ്ഞിരുന്നു.
വിവാദങ്ങൾക്കിടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തരൂര്‍ അനുമതി തേടിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചിരുന്നില്ല. ഇനി റഷ്യയിൽ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂർ-കോൺഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂർ വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമാണ് ഹൈക്കമാൻഡ് തീരുമാനം. തരൂരിന് ചർച്ച ചെയ്യണമെങ്കിൽ തടസ്സമില്ലെന്നും നേതാക്കൾ തീരുമാനിച്ചിരുന്നു. തരൂരിന്റെ നിലപാടുകൾ പാർട്ടി നിലപാടായി കാണേണ്ടതില്ല എന്നും അതിനാൽ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. തരൂർ പാർട്ടി വിടില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.
നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദിവസം ശശി തരൂരിൻ്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.