കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അപായപ്പെടുത്താൻ തയ്യാറാക്കിയവരുടെ പേരുവിവരങ്ങൾ അടങ്ങിയ ‘ഹിറ്റ്ലിസ്റ്റിൽ’ കേരളത്തിൽ നിന്നുള്ളത് 950 പേർ. എദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ‘ഹിറ്റ്ലിസ്റ്റ്’ വിവരങ്ങളുള്ളത്. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. ജില്ലാ ജഡ്ജിയും നേതാക്കളും ഹിറ്റ്ലിസ്റ്റിലുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പിഎഫ്ഐ അന്വേഷിക്കുന്ന കേസിലെ നാല് പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിറ്റ്ലിസ്റ്റ് വിവരങ്ങളുള്ളത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു.