Thursday, July 31, 2025
Mantis Partners Sydney
Home » പാലക്കാട്ടെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു, ഇനി പോളിംഗ് ബൂത്തിലേക്ക്
പാലക്കാട് 70.51% പോളിങ്

പാലക്കാട്ടെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു, ഇനി പോളിംഗ് ബൂത്തിലേക്ക്

by Editor

തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി പാലക്കാട്ടെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. നാളെ ജനങ്ങൾ പോളിംഗ് ബൂത്തിലെത്തും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരത്തോളം അണികള്‍ പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിന്റെ റോഡ്ഷോ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആണ് ആരംഭിച്ചത്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിൻറെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപിയില്‍ നിന്നെത്തിയ സന്ദീപ് വാര്യര്‍, ഷാഫി പറമ്പില്‍ എംപി, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, രമേശ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനായി മന്ത്രി എം ബി രാജേഷ്, എ എ റഹീം എം പി, സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അടക്കമുള്ളവര്‍ അവസാനഘട്ട പ്രചാരണത്തിനെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ക്രെയിനില്‍ എത്തിയാണ് അണികളെ അഭിവാദ്യം ചെയ്തത്. സി കൃഷ്ണകുമാറിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും എത്തിയിരുന്നു.

പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം ആണ് ഈ ഉപതിരഞ്ഞെടുപ്പിൽ നടക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകൾ, വിവാദങ്ങൾ, ഡോ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായതു മുതൽ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.

 

Send your news and Advertisements

You may also like

error: Content is protected !!