ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യൻ ചിത്രം കുബേരയിലെ ‘പിപ്പി പിപ്പി ഡുംഡും’ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ നായിക രശ്‌മിക മന്ദാനയാണ് ഗാനത്തിൽ ചുവടുവയ്ക്കുന്നത്. ഇന്ദ്രവതി ചൗഹാനാണ് പിപ്പി പിപ്പി ഡും ഡും എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ധനുഷ് രണ്ട് ഗെറ്റപ്പിൽ എത്തുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യൻ പെട്ടന്നൊരു സാഹചര്യത്തിൽ കോടീശ്വരനായി മാറുന്നതാണ് കഥ.
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്‌കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ. ചിത്രം ജൂൺ 20ന് തിയറ്ററുകളിലെത്തും.