Sunday, August 31, 2025
Mantis Partners Sydney
Home » പാക് അധിനിവേശ കശ്മീരിലുള്ളവരോടു രണ്ടു മാസത്തെ ഭക്ഷണ സാധനങ്ങള്‍ കരുതിക്കോളാൻ പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
പാക് അധിനിവേശ കശ്മീരിർ POK

പാക് അധിനിവേശ കശ്മീരിലുള്ളവരോടു രണ്ടു മാസത്തെ ഭക്ഷണ സാധനങ്ങള്‍ കരുതിക്കോളാൻ പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.

by Editor

ഇസ്‌ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ (POK) മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍. രണ്ട് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കരുതാനാണ് പാക്കിസ്ഥാന്റെ നിര്‍ദേശം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന് പാക് അധിനിവേശ കശ്മീരില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്നും അതിനുവേണ്ടി തയാറെടുക്കണമെന്നുമാണ് പാക്ക് അധിനിവേശ കശ്മീർ പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം പ്രദേശത്തെ മദ്രസകള്‍ താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു. ഇവിടേക്കുള്ള വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനിക നടപടി ഏതുനിമിഷവും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് പാക് ഭരണകൂടവും സൈന്യവും. ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്ക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലകളിലേക്കുള്ള വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്.

ലോകരാജ്യങ്ങളില്‍ നിന്ന് കാര്യമായ അനുകൂല സമീപനം ഉണ്ടാകാത്തതും ഇന്ത്യ ആക്രമണത്തിന് തയാറാകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതുമാണ് പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളും അനങ്ങുന്നില്ല. ഇറാനോ ഖത്തറോ പോലും പാക് അനുകൂല പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതിനിടെ ഇന്ത്യയുമായുള്ള സംഘർഷ സാഹചര്യം ലഘൂകരിക്കാൻ അറബ് രാജ്യങ്ങളുടെ സഹായം പാക്കിസ്ഥാൻ തേടിയതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ സൗദി സ്ഥാനപതി നവാസ് ബിൻ സയ്ദ് അൽ മാൽകി, യുഎഇ സ്ഥാനപതി ഹമാദ് ഒബൈദ് ഇബ്രാഹിം സലിം അൽ സാബി, കുവൈത്ത് സ്ഥാനപതി നാസ്സർ അബ്ദുൽ റഹ്മാൻ ജാസ്സർ എന്നിവരുമായി ഷരീഫ് ചർച്ച നടത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ സഹായിക്കണമെന്നും ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞതായി അറബ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

അങ്ങനെയിരിക്കെ അമേരിക്കൻ വൈസ് പ്രസിഡന്റ് ഭീകരരെ കണ്ടെത്തുന്നതിനുവേണ്ട സഹായങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു ചെയ്തുകൊടുക്കണമെന്നു ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷം ഒഴിവാക്കി പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അഭിപ്രായപ്പെട്ടു. യുഎസ് ഇന്ത്യൻ ജനതയ്ക്കൊപ്പമാണെന്നും ഭീകരാക്രണത്തിനു എതിരായ കൂട്ടായപോരാട്ടത്തിൽ എല്ലാ സഹായവും ഇന്ത്യയ്ക്കു നൽകുമെന്നും വാൻസ് പറഞ്ഞിരുന്നു. ജെ.ഡി.വാൻസ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണു പഹൽഗാം ഭീകരാക്രണം ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് സംസാരിച്ചിരുന്നു. ഇന്ത്യയ്ക്കുള്ള യുഎസിന്റെ ശക്തമായ പിന്തുണ പീറ്റ് ഹെഗ്‌സെത് ടെലിഫോൺ സംഭാഷണത്തിൽ‌ രാജ്നാഥ് സിങ്ങിനെ അറിയിച്ചു. ഇന്ത്യയുമായി സഹകരിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ അറിയിച്ചിരുന്നു. കശ്മീരിലെ മനസാക്ഷിയില്ലാത്ത ആക്രമണത്തില്‍ അപലപിക്കേണ്ടതുണ്ടെന്ന് പാക്കിസ്ഥാനെ ഓർമപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി, അന്വേഷണത്തില്‍ സഹകരിക്കാനും ആവശ്യപ്പെട്ടു.

പാക് അധീന കശ്മീരിലെ മദ്രസകള്‍ പാക്കിസ്ഥാൻ അടച്ചു; വാഗാ അതിർത്തിയും അടച്ചു.

Send your news and Advertisements

You may also like

error: Content is protected !!