Tuesday, March 24, 2026
Home » പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഉടൻ തിരികെ അയയ്ക്കണം; മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഉടൻ തിരികെ അയയ്ക്കണം; മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി

by Editor
Send your news and Advertisements

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഉടൻ തിരികെ അയയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാകിസ്ഥാനികളെ തിരിച്ചറിയണമെന്നും അവരുടെ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ കേന്ദ്രത്തെ അറിയിക്കണമെന്നും അമിത് ഷാ നിർദേശിച്ചു.

പാക് പൗരന്മാർ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ അനുവദിച്ചിട്ടുള്ള വിസയ്ക്ക് ഏപ്രിൽ 27 വരെ മാത്രമേ കാലാവധിയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെയായിരിക്കും കാലാവധി. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

പഹൽഗാമിലെ ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടെന്നും അതിന്റെ തെളിവു പക്കലുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനെതിരായ നടപടിയുടെ ഭാഗമായി സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാൽ പിന്നാലെ ഷിംല കരാർ റദ്ദാക്കുന്നതായും തങ്ങളുടെ വ്യോമപാത അടയ്ക്കുന്നതായും പാക്കിസ്ഥാൻ വ്യക്‌തമാക്കിയിരുന്നു. പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണു കൊല്ലപ്പെട്ടത്. ആയുധധാരികളായ അഞ്ചംഗ സംഘം വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

You may also like

error: Content is protected !!