ധാക്ക: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി ഇടക്കാല സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വിരമിച്ച മേജർ ജനറലുമായ എഎൽഎം ഫസ്ലുർ റഹ്മാൻ. ബംഗ്ലാദേശ് റൈഫിൾസ് (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) മുന്‍ തലവനാണ് ഫസ്സുർ റഹ്മാൻ.
‘ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ബംഗ്ലാദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ, ചൈനയുമായുള്ള സംയുക്ത സൈനിക നീക്കത്തെക്കുറിച്ച് ചർച്ച ആരംഭിക്കണമെന്ന് ഞാൻ കരുതുന്നു’ എന്നാണ് ഫസ്സുർ റഹ്മാന്‍ കുറിച്ചത്. 2009-ൽ ബംഗ്ലാദേശ് റൈഫിൾസിന്റെ പിൽഖാന ആസ്ഥാനത്ത് നടന്ന കൂട്ടക്കൊല പുനരന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏഴ് അംഗ സ്വതന്ത്ര കമ്മീഷന്റെ തലവനാണ് നിലവില്‍ റഹ്മാന്‍. കഴിഞ്ഞ വർഷമാണ് ഇടക്കാല സർക്കാർ റഹ്മാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
ഫസ്ലുർ റഹ്മാൻ നടത്തിയ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസിലെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു. മുഹമ്മദ് യൂനസിന്‍റെ ചൈനീസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് റഹ്മാന്‍റെ വിവാദ പരാമര്‍ശം വരുന്നത്.
നിലവിലെ ഇടക്കാല ഭരണകൂടത്തിന് കീഴിൽ ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ ശബ്ദങ്ങൾ ശക്തി പ്രാപിക്കുകയും, പാക്കിസ്ഥാനുമായും ചൈനയുമായും കൂടുതൽ അടുപ്പം സ്ഥാപിക്കാൻ ആഹ്വാനങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് റഹ്മാൻ്റെ വിവാദ പരാമർശം.