തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കാച്ചി ജില്ലയിലെ മാച്ച് പട്ടണത്തിന് സമീപം വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പാക്കിസ്ഥാൻ അർദ്ധസൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഈ സ്‌ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നും പാക്കിസ്ഥാന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
സമീപകാലത്തായി പാക് സൈന്യത്തിനുനേരെ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ബിഎല്‍എ. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കലാത് ജില്ലയിലെ മംഗുചോർ പട്ടണം ബലൂച് ലിബറേഷൻ ആർമി (BLA) പിടിച്ചെടുത്തിരുന്നു. പോലീസ് സ്റ്റേഷൻ പിടിച്ചെടുക്കുകയും തടവുകാരെ മോചിപ്പിക്കുകയും പൊലീസുകാരെ ബന്ദികൾ ആകുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന മറ്റൊരു ആക്രമണത്തിൽ 10 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.