പഹൽഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ല. ഇസ്രയേലിന്‍റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘തടയാൻ കഴിയാതെ പോയ ഭീകരാക്രമണത്തെ കുറിച്ചു മാത്രമേ നമുക്ക് അറിയാൻ കഴിയൂ. ഇത് ഏതൊരു രാജ്യത്തും സാധാരണമാണ്. പരാജയങ്ങളുണ്ടായിരുന്നു, അത് സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ പ്രധാന ശ്രദ്ധ അതായിരിക്കരുത്’’– ശശി തരൂർ പറഞ്ഞു.
പാക്ക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്‌താവന വെറും പ്രകോപനപരമാണെന്നും തരൂർ പറഞ്ഞു. ‘‘പാക്കിസ്ഥാനികളെ ഒന്നും ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ അവർ നമ്മളോട് എന്തെങ്കിലും ചെയ്താൽ പ്രതികരിക്കാൻ തയാറാകുക. രക്തം ഒഴുകുകയാണെങ്കിൽ, അത് നമ്മുടേതിനേക്കാൾ കൂടുതൽ അവരുടേതായിരിക്കും’’ – ശശി തരൂർ പറഞ്ഞു. ഉറി ഭീകരാക്രമണത്തിനു ശേഷം മിന്നലാക്രമണവും പുൽവാമയ്ക്ക് ശേഷം ബാലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യ നടത്തി. ഇത്തവണ അതിനേക്കാൾ വലുത് കാണാൻ പോകുന്നുവെന്നാണ് കരുതുന്നത് എന്നും തരൂർ പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ച ഉണ്ടെന്നത് സത്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കശ്മീർ സുരക്ഷിതമാണെന്ന വാക്കിൽ വിശ്വസിച്ചാണ് ടൂറിസ്റ്റുകൾ എത്തിയത്. ഇന്റലിജൻസ് വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായത്. തീവ്രവാദത്തെ ഒരുമിച്ചു നിന്ന് എതിർത്ത് പരാജയപ്പെടുത്തണം. രാജ്യത്തിന്റെ കാര്യമാണെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ശശി തരൂരിന്റെ ദേശാഭിമാനപരമായ നിലപാട് സ്വാഗതാര്‍ഹമാണെന്നും വി ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്ന നിലപാട് ആണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.