ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ എംപി. ഒരു പക്ഷി മരക്കൊമ്പിലിരിക്കുന്ന ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ, സാമൂഹിക മാധ്യമമായ എക്സിൽ ‘പറക്കാൻ അനുമതി തേടരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടെയും സ്വന്തമല്ല’ എന്ന ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ പോസ്റ്റ്. എഴുത്തുകാരി അന്ന ഗൌക്കറുടെ പുസ്തകമാണ് ഡോണ്ട് ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ.
ഇന്ന് രാവിലെ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു തരൂരിനെതിരേ ഖാർഗെ വിമർശനം ഉന്നയിച്ചത്. ശശി തരൂരിൻ്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞങ്ങൾ ഇന്ത്യൻ സൈന്യത്തിൻ്റെ ഒപ്പമാണെന്ന് ആദ്യ ദിവസം മുതൽ പറയുന്നതാണ്. രാജ്യമാണ് പ്രധാനം പാർട്ടി പിന്നീടാണെന്നും വ്യക്തമാക്കിയിരുന്നു. ചില ആളുകൾക്ക് മോഡിയാണ് പ്രധാനം. എന്നാൽ ഞങ്ങൾക്ക് രാജ്യമാണ് പ്രധാനം എന്നായിരുന്നു ഖാർഗെ പറഞ്ഞത്. തരൂരിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് തനിക്ക് മനസിലാകുന്നില്ലെന്നും അത് വായിച്ച് മനസിലാക്കാന്‍ കുറച്ച് സമയം വേണമെന്നും ഖര്‍ഗെ പരിഹസിച്ചു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ എക്സിലെ പ്രതികരണം വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസ് നേതൃത്വവും തരൂരുമായുള്ള അഭിപ്രായ വ്യത്യാസം പുകയുന്നതിനിടെ കഴിഞ്ഞ ദിവസം ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തിൽ മോഡിയെ തരൂർ പ്രശംസിച്ചിരുന്നു. മോഡിയുടെ ഊർജവും കാര്യ പ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോള വേദികളിൽ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തിൽ തരൂർ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ തരൂർ ബിജെപിയിലേക്കെന്ന വിധത്തിൽ ചില മാധ്യമ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
തരൂരിന്റെ നിരന്തരമുളള മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അമര്‍ഷം പുകയുകയാണ്. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. തരൂരിനോട് വിശദീകരണം തേടുന്നതിലേക്ക് കോണ്‍ഗ്രസ് നീങ്ങിയേക്കുമെന്നാണ് സൂചന.