അബൂദാബി/റിയാദ്: യുഎഇയുടെയും സൗദി അറേബ്യയുടെയും പ്രാന്തപ്രദേശങ്ങളിലേക്ക് ലുലു റീട്ടെയിൽ ഗ്രൂപ്പ് വ്യാപിക്കുകയാണ്. ഇതോടെ, മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു. യുഎഇ ആസ്ഥാനമായ ലുലു റീട്ടെയിൽ ഗ്രൂപ്പ്, ജനസംഖ്യ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങളുടെ അതിരുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ പുതിയ ഔട്ട്‌ലെറ്റുകൾ യുഎഇയിലെ റീട്ടെയിൽ മേഖലയിലെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ദുബായിലും വടക്കൻ എമിറേറ്റുകളിലും 15 പുതിയ സ്റ്റോറുകൾ ആരംഭിക്കാനാണ് ലുലു ലക്ഷ്യമിടുന്നത്. നഗരങ്ങളുടെ ജനസാന്ദ്രത പരിഗണിച്ച് ഹൈപ്പർമാർക്കറ്റുകളോ എക്സ്പ്രസ് സ്റ്റോറുകളോ ആരംഭിക്കാനാണ് പദ്ധതി. ലുലു ഗ്രൂപ്പിന്റെ സ്ഥാപകൻ എം. എ. യൂസഫലി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കി.
പുതിയ മാളുകൾക്ക് കെട്ടിടം ഒരുക്കുന്നതിനായി ഡെവലപ്പർമാരുമായി ചർച്ച നടക്കുന്നതായും യുഎഇയിൽ 30 പുതിയ പദ്ധതികൾ ആലോചനയിലുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ലെന്നും ലുലു റീട്ടെയിൽ സിഇഒ സൈഫി രൂപാവാല വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യയിൽ 37 പുതിയ സ്റ്റോറുകൾ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. “നിലവിൽ, സൗദിയിലെ 16 നഗരങ്ങളിൽ മാത്രമേ ഞങ്ങൾക്ക് സാന്നിധ്യമുള്ളൂ. 2028-ഓടെ, 100 സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുകയാണ് ലുലുവിന്റെ ലക്ഷ്യം,” എന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലവസര സൃഷ്ടിയിൽ, സ്റ്റോറുകളുടെ വലുപ്പത്തിനനുസരിച്ച് വ്യത്യസ്തമായ ആവശ്യകതകൾ ഉണ്ടാകുമെന്ന് ലുലു സിഇഒ പറഞ്ഞു. ഒരു ഹൈപ്പർമാർക്കറ്റിൽ ശരാശരി 290 ജീവനക്കാരെയും, എക്സ്പ്രസ് സ്റ്റോറിൽ 55 പേരെയും, മിനി മാർക്കറ്റിൽ മൂന്ന് പേരെയും നിയമിക്കുന്നതായി 2024 ജൂൺ 30 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ജിസിസിയിലെ ലുലുവിന്റെ 252-ാമത്തെ ഹൈപ്പർമാർക്കറ്റ് ദുബായിലെ അൽ സത്വയിൽ പ്രവർത്തനം ആരംഭിച്ചു. അൽ ജദ്ദാഫ്, ജെ.എൽ.ടി, നാദ് അൽ ഹമ്മർ, ദുബായ് എക്സ്പോ സിറ്റി, ഖോർഫഖാൻ, ഔദ് അൽ മുത്തിന തുടങ്ങിയ പ്രധാന മേഖലകളിൽ കൂടുതൽ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.