കൊക്കോറൗ: തെക്കുപടിഞ്ഞാറൻ നൈജറിലെ മസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് നൈജർ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
കൊക്കോറോയിലെ ഫോംബിറ്റയിലുള്ള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മസ്ജിദിലാണ് ആക്രമണം നടന്നത്. റമദാൻ വ്രതത്തോട് അനുബന്ധിച്ച് ഉച്ചപ്രാർത്ഥനയ്‌ക്കായി നിരവധി പേർ ഇവിടെയെത്തിയിരുന്നു. അതിനിടെയാണ് സായുധരായ തീവ്രവാദികൾ മസ്ജിദിലേക്ക് ഇരച്ചെത്തി വെടിയുതിർത്തത്. ഇതിന് ശേഷം പ്രദേശത്തുള്ള വീടുകൾക്കും മാർക്കറ്റിനും അക്രമികൾ തീയിടുകയും ചെയ്തു.
നൈജർ, ബർക്കിന ഫാസോ, മാലി എന്നീ രാജ്യങ്ങളുടെ ത്രിരാഷ്‌ട്ര അതിർത്തി മേഖലയാണ് കൊക്കോറൗ. ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയായ EIGS ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് നൈജർ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാൽ EIGS ഇതുവരെ പ്രതികരിച്ചിട്ടില്ല. നൈജറിൽ നടന്നിട്ടുള്ള മുൻ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളാണ് ഏറ്റെടുത്തത്.