മലപ്പുറം: വീറും വാശിയും നിറഞ്ഞു നിന്ന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8-ന് വോട്ടെണ്ണിത്തുടങ്ങും. 8.30-ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. results.eci.gov.in എന്ന വെബ്സൈറ്റിൽ രാവിലെ 8 മുതൽ ഫലസൂചനകൾ അറിയാം.
ആകെ 10 സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കൈപ്പത്തി ചിഹ്നത്തിൽ ആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം.സ്വരാജ് (എൽ.ഡി.എഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻ.ഡി.എ) എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. കത്രിക അടയാളത്തിൽ പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായും എസ്.ഡി.പി.ഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരിച്ചു.
ജൂൺ 19-ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോൾ വിജയം ഉറപ്പെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു. വോട്ട് വർദ്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. അൻവർ പിടിക്കുന്ന വോട്ടുകൾ എത്രത്തോളം ഇരുകൂട്ടരേയും ബാധിക്കുമെന്ന് കണ്ടറിയാം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരാനിരിക്കെ യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ ക്രോസ് വോട്ട് ചെയ്തുവെന്നും തനിക്ക് ലഭിക്കേണ്ട പതിനായിരത്തോളം വോട്ടുകള്‍ സ്വരാജിന് ലഭിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ക്രോസ് വോട്ട് ചെയ്യും എന്നറിഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ അബദ്ധമാണ് അവര്‍ ചെയ്തത്. 40,000 ല്‍ ഒതുങ്ങുന്ന സ്വരാജിന് പതിനായിരം കൊടുത്ത് 50,000 ആക്കുന്ന അവസ്ഥയുണ്ടാക്കി. ആ പതിനായിരം വോട്ട് സ്വരാജിനെ രണ്ടാം സ്ഥാനത്ത് എത്തിക്കും. ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു.