നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. ആവേശകരമായ പ്രചാരണത്തിന് ഇന്നു കൊടിയിറങ്ങുമ്പോൾ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്; നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കിൽ സർക്കാരിൻ്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി. വി അൻവറും പ്രചാരണ രംഗത്ത് സജീവമാണ്.
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ഉന്നത നേതാക്കളുടെ കൂടിയാലോചനകളിൽ 10,000 വോട്ടിനെങ്കിലും ജയിക്കാൻ കഴിയുമെന്ന വിശകലനമാണ് ഉണ്ടായത്. അൻവർ നേടാൻ ഇടയുള്ള വോട്ടിനെക്കുറിച്ച് ഇരു മുന്നണികൾക്കും കൃത്യമായ ധാരണയില്ല. ഒപ്പത്തിനൊപ്പമുള്ള മത്സരത്തിൽ നേരിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിയുമെന്ന വിശ്വാസം സിപിഎം നേതൃത്വവും വച്ചു പുലർത്തുന്നു. പതിനായിരത്തിൽ കൂടുതൽ വോട്ട് അൻവർ നേടുന്ന സാഹചര്യം ഉണ്ടായാൽ അത് ആരെ, എങ്ങനെ ബാധിക്കും എന്നതിൽ ഇരുമുന്നണികൾക്കും ആശങ്കയുണ്ട്.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തി വോട്ടഭ്യർത്ഥിച്ച് രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ റാലികളിലും പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും വൻ പങ്കാളിത്തമുണ്ടായി.
ബുധനാഴ്‌ച നിശബ്ദ പ്രചാരണം ആണ്. വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.