മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രമുഖ നേതാക്കളുടെ നിര പാര്‍ട്ടികളുടെ പ്രചാരണത്തിനായി സജീവമായി ഇറങ്ങുന്നു. 13 മുതൽ 15 വരെ മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്ന പിണറായി വിജയൻ മണ്ഡലത്തിനു കീഴിലെ എല്ലാ പഞ്ചായത്തിലും വോട്ട് ചോദിച്ചെത്തും. ഇന്ന് മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ഒ.ആർ.കേളു എന്നിവർ നിലമ്പൂരിലുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും നാളെ വി.ശിവൻകുട്ടിയുമെത്തും. പി.രാജീവ് നാലു ദിവസവും റോഷി അഗസ്റ്റിൻ രണ്ടു ദിവസവും പര്യടനം നടത്തും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും നേരിട്ടാണു പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി നിലമ്പൂരിലുണ്ടാകും.
ബി ജെ പി യും വരും ദിവസങ്ങളിൽ ദേശീയ നേതാക്കളെ രംഗത്തിറക്കും എന്നാണ് സൂചന.
സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ പ്രചാരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസുഫ് പഠാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 15-ാം തീയതി മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസുഫ് പഠാന്‍ റോഡ് ഷോ നടത്തുമെന്നാണ് അന്‍വര്‍ ക്യാമ്പ് അറിയിച്ചിരിക്കുന്നത്. ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ എംപിയാണ് യൂസുഫ് പഠാൻ.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇടതുമുന്നണിക്ക് നൽകിവരുന്ന പിന്തുണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും തുടരുമെന്ന് പിഡിപി അറിയിച്ചു.
Elections India, Lok Sabha Elections, Assembly Elections, Opinion polls, Results