മലപ്പുറം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിഞ്ഞു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. ആകെ 14 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം നാലുപേര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്. സ്വതന്ത്ര്യ സ്ഥാനാർഥി പി.വി. അൻവർ പത്രിക പിൻവലിക്കാത്തതോടെ ശക്തമായ ചതുഷ്‌കോണ മത്സരത്തിലേക്കാണ് നിലമ്പൂർ നീങ്ങുന്നത്. ഇതോടെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, ബിജെപി സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്, പിവി അൻവർ എന്നിവർ തമ്മിലായിരിക്കും മത്സരമെന്ന് ഉറപ്പാവുകയാണ്. ജൂൺ 19 -നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 -നാണ് വോട്ടെണ്ണൽ.
നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ‘കത്രിക‘ ചിഹ്നം ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്. പി.വി. അൻവർ പത്രിക പിൻവലിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ, താൻ മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി അൻവർ തന്നെ ഇന്ന് രംഗത്തെത്തിയിരുന്നു.
നേരത്തെ യു.ഡി.എഫിന് മുമ്പിൽ ഉപാധികളുമായി അൻവർ രംഗത്തെത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിൽ എത്തിയാൽ തനിക്ക് ആഭ്യന്തരം, വനം വകുപ്പുകൾ നൽകണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. ഇതിനുപുറമേ മലപ്പുറം ജില്ല വിഭജിച്ച് കോഴിക്കോട് ജില്ലയുടെ തിരുവമ്പാടി മേഖലകളെ ഉൾപ്പെടുത്തി മലയോര ജില്ല രൂപവത്കരിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാറ്റിയാല്‍ തനിക്ക് ഒന്നും വേണ്ടെന്നും പി.വി അന്‍വർ പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല. പിണറായിസത്തിന്റെ പിന്നില്‍ നില്‍ക്കുന്ന സ്വരാജിനെ ജയിപ്പിക്കാന്‍ താന്‍ അനുവദിക്കണോയെന്നും അന്‍വര്‍ ചോദിച്ചു. വി.ഡി സതീശനെ ‘മുക്കാല്‍ പിണറായി‘ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പി.വി അന്‍വര്‍ വിശേഷിപ്പിച്ചത്.
തിരഞ്ഞെടുപ്പിൽ അൻവറിന്റെ പ്രസ്‌കതി നഷ്ടമായി കൊണ്ടിരിക്കുകയാണെന്നാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇതിനോട് പ്രതികരിച്ചത്. അൻവറിന്റെ ഉപാധികൾ കേട്ട് ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. അൻവറിനുള്ള മറുപടി നാവിൻ തുമ്പിലുണ്ടെന്നും എന്നാൽ താൻ മറുപടി നൽകുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.
അതിനിടെ, യുഡിഎഫ് പ്രവേശനത്തിനായുള്ള പി.വി.അൻവറിൻ്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു‘ എന്നാണ് അൻവറിനെ പരിഹസിച്ച് ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
മത്സര രംഗത്തുള്ള സ്ഥാനാർഥികളും അനുവദിച്ച ചിഹ്നങ്ങളും:
1. അഡ്വ. മോഹൻ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – താമര
2. ആര്യാടൻ ഷൗക്കത്ത് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) -ബലൂൺ
5. പി.വി അൻവർ (സ്വതന്ത്രൻ) – കത്രിക
6. എൻ. ജയരാജൻ (സ്വതന്ത്രൻ) – ടെലിവിഷൻ
7. പി. രാധാകൃഷ്‌ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ) – കിണർ
8. വിജയൻ (സ്വതന്ത്രൻ) – ബാറ്റ്
9. സതീഷ് കുമാർ ജി. (സ്വതന്ത്രൻ) – ഗ്യാസ് സിലിണ്ടർ
10. ഹരിനാരായണൻ (സ്വതന്ത്രൻ) – ബാറ്ററി ടോർച്ച്