Thursday, October 16, 2025
Mantis Partners Sydney
Home » നിരുപാധികം കീഴടങ്ങാൻ ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഖമേനിക്ക് ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വിധിയായിരിക്കുമെന്ന് ഇസ്രയേൽ
ഇറാൻ ഇസ്രയേൽ സംഘർഷം

നിരുപാധികം കീഴടങ്ങാൻ ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഖമേനിക്ക് ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വിധിയായിരിക്കുമെന്ന് ഇസ്രയേൽ

നതാൻസിലെ ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ പ്രിസിഷൻ ആക്രമണം നടത്തിയെന്ന് യു.എൻ അന്താരാഷ്ട്ര ആണവോർജ സമിതി

by Editor

ഇറാന് മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആയത്തുല്ല ഖമനയിയുടെ ഒളിയിടം എവിടെയാണെന്ന് വ്യക്തമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്. എന്നാൽ അദ്ദേഹത്തെ തൽക്കാലം വധിക്കില്ല.’ – ട്രംപ് പറഞ്ഞു. ക്ഷമ നശിക്കുന്നുവെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യുഎസ് സൈന്യത്തെ അയക്കുമോയെന്ന ചോദ്യത്തിന് അതിന് മുമ്പ് തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകരുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അവര്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ പോകുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്നലെ ഫോണിൽ സംസാരിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത അടിയന്തര കൂടിയാലോചനയ്ക്ക് മുമ്പായിരുന്നു ഫോൺ കോൾ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതിനാൽ യുഎഇ, ജോർദാൻ, സൗദി അറേബ്യ എന്നിവയുൾപ്പെടെ മേഖലയിലെമ്പാടുമുള്ള താവളങ്ങളിൽ 40,000-ത്തിലധികം അമേരിക്കൻ സൈനികർ അതീവ ജാഗ്രതയിലാണ്.

ഇറാൻ ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ മധ്യപൂർവദേശത്ത് യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെൻ്റഗൺ തയാറായില്ല. വിമാനവാഹിനി കപ്പലുകളും ബാലിസ്‌റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുന്നുമെന്നും സൂചനയുണ്ട്.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഖമേനിയെ വധിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കാറ്റ്സിന്റെ പ്രതികരണം. യുദ്ധക്കുറ്റങ്ങൾ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാർക്ക് നേരെ മിസൈലുകൾ വിക്ഷേപിക്കുന്നതിനെതിരെയും ഇറാൻ ഏകാധിപതിക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും അദേഹം പറഞ്ഞു. ടെഹ്റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങൾക്കുമെതിരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് കാറ്റ്സ് പറഞ്ഞു.

ഇറാൻ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധത്തിൻ്റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്താൻ സാധിക്കില്ല എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം.

അതേസമയം ഇസ്രയേലിൽ അടുത്ത ഘട്ട ആക്രമണം നടത്തിയെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് കോർപ്സ‌് സ്ഥിരീകരിച്ചു. വളരെ ശക്തമായ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് ഐആർജിസിയെ ഉദ്ധരിച്ച് ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. വരും മണിക്കൂറുകളിൽ അത് കൂടുതൽ ശക്തമാക്കുമെന്ന് കരസേനാ കമാൻഡർ കിയോമർസ് ഹെയ്‌ദാരി പറഞ്ഞതായും ന്യൂസ് ഏജൻസി വ്യക്തമാക്കി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ഇറാന്‍ ലക്ഷ്യമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ഇറാന്‍ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഇറാന്റെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്‌നിം നിരവധി ഫോട്ടോകള്‍ പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മിസൈലുകള്‍ മൊസാദിനെ ആക്രമിച്ചെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച് ടാസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നതാൻസിലെ ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ പ്രിസിഷൻ ആക്രമണം നടത്തിയെന്ന് യു.എൻ അന്താരാഷ്ട്ര ആണവോർജ സമിതി

ഇറാന്റെ ഏറ്റവും രഹസ്യമായതും സുരക്ഷിതമായതുമായ നതാൻസിലെ ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇസ്രയേൽ പ്രിസിഷൻ ആക്രമണം നടത്തിയെന്ന് യു.എൻ അന്താരാഷ്ട്ര ആണവോർജ സമിതി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന നതാൻസ് ന്യൂക്‌ളിയാർ കോംപ്ളക്‌സിലേക്കാണ് ഇസ്രയേൽ കൃത്യമായ ആക്രമണം നടത്തിയത്. ഭൂമിക്കടിയിലായതിനാൽ ഈ ആണവ കേന്ദ്രം ആരും കണ്ടെത്തില്ലെന്നാണ് ഇറാൻ ഇതുവരെ കരുതിയിരുന്നത്. ഭൂമിക്കടിയിലുള്ള പരീക്ഷണ കേന്ദ്രങ്ങളിൽ ഇസ്രയേൽ മിസൈലുകൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നായിരുന്നു യു.എസ് ഇൻ്റലിജൻസിന്റെ റിപ്പോർട്ട്. എന്നാൽ അതിനെ തള്ളിക്കൊണ്ടാണ് യു.എൻ അന്താരാഷ്ട്ര ആണവോർജ സമിതിയുടെ സ്ഥിരീകരണം.

ഭൂഗർഭ ആണവ നിലയത്തിലെ യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രത്തിലേക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ‘ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിന് ശേഷം ശേഖരിച്ച ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളുടെ വിശദമായ പരിശോധനയിൽ നതാൻസിലെ ഭൂഗർഭ സമ്പുഷ്‌ടീകരണ കേന്ദ്രത്തിൽ നേരിട്ട് പ്രത്യാഘാതങ്ങളേറ്റിട്ടുണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു’- അന്താരാഷ്ട്ര ആണവോർജ സമിതി എക്സ് പോസ്റ്റിൽ കുറിച്ചു. വെള്ളിയാഴ്‌ച മുതൽ ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ കനത്ത പ്രഹരമാണ് നടത്തുന്നത്. ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ അന്താരാഷ്ട്ര ആണവോർജ സമിതി ഈ ആക്രമണങ്ങളെ നിരീക്ഷിച്ചു വരികയാണ്.

ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്രയേൽ; ചുമതലയേറ്റിട്ട് 4 ദിവസം.

Send your news and Advertisements

You may also like

error: Content is protected !!