Mantis Partners Sydney
Thursday, February 5, 2026
Mantis Partners Sydney
Home » നടുക്കടലിൽ അകപ്പെട്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ 4 മണിക്കൂർ കരയിലേക്ക് നീന്തി 13 കാരൻ
നടുക്കടലിൽ അകപ്പെട്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ 4 മണിക്കൂർ കരയിലേക്ക് നീന്തി 13 കാരൻ

നടുക്കടലിൽ അകപ്പെട്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ 4 മണിക്കൂർ കരയിലേക്ക് നീന്തി 13 കാരൻ

by Editor

പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ വിനോദയാത്രയ്ക്കിടെ നടുക്കടലിൽ അകപ്പെട്ട അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാൻ പതിമൂന്നുകാരൻ നീന്തിയത് 4 മണിക്കൂർ. ജീവൻ പണയപ്പെടുത്തി തൻ്റെ കുടുംബത്തിനായി, ശക്തമായ തിരമാലകളെയും കാറ്റിനെയും അതിജീവിച്ച് നാല് മണിക്കൂർ നീന്തി കരയിലെത്തിയ ഓസ്റ്റിൻ അപ്പൽബീ എന്ന കുട്ടി ഇന്ന് ലോകത്തിൻ്റെ ഹീറോയാണ്.

പെർത്തിന് തെക്ക് ക്വിൻഡാലപ്പിലെ ജിയോഗ്രാഫ് ബേയിൽ കാറ്റിലും തിരയിലും പെട്ട് 14 കിലോമീറ്ററോളം ഉൾക്കടലിലേക്ക് ഒഴുകിപ്പോയ കുടുംബത്തെയാണ് ഓസ്റ്റിൻ അപ്പൽബീ എന്ന എട്ടാം ക്ലാസുകാരൻ തൻ്റെ ധീരതയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു അമ്മയായ ജോവാൻ അപ്പൽബിയും മക്കളായ ഓസ്റ്റിൻ, ബ്യൂ (12), ഗ്രേസ് (8) എന്നിവർ. കടലിൽ വിനോദത്തിനായി കയാക്കിലും പാഡിൽ ബോർഡിലുമായി ഇറങ്ങിയ കുടുംബത്തെ ശക്തമായ കാറ്റ് നിയന്ത്രണം തെറ്റിച്ച് ഉൾക്കടലിലേക്ക് കൊണ്ടുപോയി. കയാക്കിൽ വെള്ളം കയറാൻ തുടങ്ങുകയും തങ്ങളെല്ലാവരും അപകടത്തിലാകുമെന്ന് തിരിച്ചറിയുകയും ചെയ്‌തതോടെയാണ് സഹായം തേടി കരയിലേക്ക് നീന്താൻ ഓസ്റ്റിനോട് അമ്മ ആവശ്യപ്പെട്ടത്.

എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു അത്. അവൻ കരുത്തനാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ നടുക്കടലിൽ മക്കളെ തനിച്ചാക്കി എനിക്ക് പോകാൻ കഴിയില്ലായിരുന്നു” – ജോവാൻ പറഞ്ഞു. തിരമാലകളെ വകഞ്ഞുമാറ്റി നാല് കിലോമീറ്റർ നീന്തിയാണ് ഓസ്റ്റിൻ കരയിലെത്തിയത്. കരയിലെത്തിയ ശേഷം രണ്ട് കിലോമീറ്റർ കൂടി ഓടിയാണ് അവൻ ഫോൺ കണ്ടെത്തി എമർജൻസി സർവീസിനെ വിളിച്ചത്.

എനിക്ക് ഹെലികോപ്റ്ററുകളും വിമാനങ്ങളും ബോട്ടുകളും വേണം, എൻ്റെ കുടുംബം കടലിലാണ്” എന്നായിരുന്നു ആ 13-കാരൻ്റെ വാക്കുകൾ. വിളിച്ചയുടൻ തളർച്ച മൂലം ബോധരഹിതനായ അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓസ്റ്റിൻ നൽകിയ വിവരമനുസരിച്ച് തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർ, രാത്രി എട്ടരയോടെ തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ പാഡിൽ ബോർഡിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ജോവാനെയും മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തി. അതിശൈത്യവും വന്യമായ തിരമാലകളും കാരണം കുടുംബം മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്.

താനൊരു ഹീറോയാണെന്ന് കരുതുന്നില്ലെന്നും തൻ്റെ കുടുംബത്തെ രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഓസ്റ്റിൻ പറഞ്ഞു. “പലപ്പോഴും തളർന്നു പോയിരുന്നു. പക്ഷെ അമ്മയെയും സഹോദരങ്ങളെയും ഓർക്കുമ്പോൾ എനിക്ക് നിർത്താൻ കഴിയില്ലായിരുന്നു. മനോഹരമായ ഓർമ്മകൾ മനസിൽ നിറച്ചാണ് ഞാൻ മുന്നോട്ട് നീന്തിയത്.” -ഓസ്റ്റിൻ അപ്പൽബീ പറഞ്ഞു. ഓസ്റ്റിൻ്റെ ധീരതയെ പൊലീസും അധികൃതരും പ്രശംസിച്ചു.

ഓസ്റ്റിന്റെ ഈ നേട്ടം രക്ഷാപ്രവർത്തകരെപ്പോലും അത്ഭുതപ്പെടുത്തി. ഏതാനും ആഴ്‌ചകൾക്ക് മുൻപ് സ്കൂളിലെ ‘വേക്കേഷൻ സ്വിമ്മിങ്’ പരീക്ഷയിൽ ഓസ്റ്റിൻ പരാജയപ്പെട്ടിരുന്നുവെന്ന് അച്ഛൻ വെളിപ്പെടുത്തി. നീന്തൽ പരീക്ഷയിൽ പരാജയപ്പെട്ട ആ കുട്ടി നടുക്കടലിൽ നാല് കിലോമീറ്റർ നീന്തിക്കയറിയത് അവിശ്വസനീയമാണെന്ന് കമാൻഡർ പോൾ ബ്രെസ്‌ലാൻഡ് പറഞ്ഞു.

ഈ സാഹസികതയുടെ കഥ എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുക്കുകയും സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്‌തതോടെ ഓസ്റ്റിന് അഭിനന്ദന പ്രവാഹമാണ്. തന്റെ പ്രിയപ്പെട്ട എഎഫ്എൽ ടീമായ വെസ്റ്റ് കോസ്റ്റ് ഈഗിൾസിനെ നേരിൽ കാണാനുള്ള ക്ഷണവും ഈ കൊച്ചു മിടുക്കന് ലഭിച്ചുകഴിഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!