Thursday, October 16, 2025
Mantis Partners Sydney
Home » ദേശീയ ഗാനത്തിനിടെ ചിരിയും സംഭാഷണവും; ബീഹാർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ദേശീയ ഗാനത്തിനിടെ ചിരിയും സംഭാഷണവും; ബീഹാർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

by Editor

ദേശീയ ഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വ്യാപക വിമർശനം. പട്‌നയിൽ നടന്ന സെപക് താക്രോ (കിക്ക് വോളിബോൾ) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടനം സമയത്തായിരുന്നു വിവാദ സംഭവം.

ചടങ്ങിൽ ബീഹാർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ദേശീയ ഗാനം ആലപിക്കുന്നതിനിടെ, നിതീഷ് കുമാർ തന്റെ സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ദീപക് കുമാറിനോട് സംസാരിക്കുകയും ചിരിക്കുകയുമായിരുന്നു. ഇതോടെ ഉദ്യോഗസ്ഥൻ ഗാനം ആലപിക്കുന്നതായി സൂചിപ്പിച്ചെങ്കിലും, മുഖ്യമന്ത്രി തുടർന്ന് സദസ്സിലുണ്ടായിരുന്ന വ്യക്തിയോട് നമസ്കാരം പറയുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രൂക്ഷമായി വിമർശിച്ചു. “ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ദയവായി ദേശീയ ഗാനത്തെ അപമാനിക്കരുത്. സംസ്ഥാനത്തിലെ യുവാക്കളെയും സ്ത്രീകളെയും പ്രായമായവരെയും നിങ്ങൾ ദിനംപ്രതി അപമാനിക്കുന്നു. ഒരു തവണ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കൈയടിക്കുകയും, ഇന്ന് ദേശീയ ഗാനത്തിനിടയിൽ ചിരിക്കുകയും ചെയ്യുന്നു! മുഖ്യമന്ത്രി എന്ന നിലയിൽ ഒരു ദൗർബല്യവും നിങ്ങൾക്കുണ്ടാകരുത്. ബിഹാറിനെ ഇത്തരത്തിൽ അപമാനിക്കരുത്!” – തേജസ്വി യാദവ് ട്വിറ്ററിൽ കുറിച്ചു

“ദേശീയ ഗാനത്തെ അപമാനിക്കുന്നത് ഇന്ത്യ അനുവദിക്കില്ല. ബിഹാറിലെ ജനങ്ങളേ, ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?” എന്നാണ് ബീഹാറിന്റെ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് വിഷയത്തിൽ പ്രതികരിച്ചത്.

വിവാദം തുടരുമ്പോഴും ജെഡിയു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്ര മന്ത്രിയുമായ ജിതിൻ റാം മാഞ്ചി, നിതീഷ് കുമാറിനെ പിന്തുണച്ച് രംഗത്ത് വന്നു. “അന്താരാഷ്ട്ര തലത്തിൽ ബിഹാറിന്റെ പേര് ഉയർത്തിയ നേതാവിനെ അപമാനിക്കാനാണ് ചിലർ ശ്രമിക്കുന്നത്.” എന്ന് അദ്ദേഹം വ്യക്തമാക്കി

 

Send your news and Advertisements

You may also like

error: Content is protected !!