മോസ്ക്കോ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയുമായി റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുകി നഗരത്തിൽ വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ഭീകരവാദമായാണ് യുക്രെയ്ൻ പ്രസിഡൻ്റ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. 103 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് യുക്രെയ്ന്റെ പ്രതികരണം. ഖാർകീവ്, ഡൊണെട്സ്ക് തുടങ്ങിയ ഏഴോളം പ്രദേശങ്ങൾ റഷ്യ ലക്ഷ്യമിട്ടെന്നും യുക്രെയ്ൻ വ്യക്തമാക്കി. യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം.
യുക്രെയ്ന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യ പ്രതികരിച്ചിരുന്നു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം ആക്രമണത്തിൽ റഷ്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. യുദ്ധം ആരംഭിച്ചതിനുശേഷം 632-ാം ത്തെ കുട്ടിയെയാണ് തങ്ങൾക്ക് നഷ്ടമാകുന്നതെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തു. കഴിഞ്ഞ രാത്രി പ്രൈലുകിയ നഗരത്തിൽ ആറ് ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തി. നിരവധിപേർക്ക്പരിക്കേറ്റു. ആക്രമണത്തിൽ ഒരാളുടെ വീട് തകർന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകളും ഒരുവയസുള്ള മകനും കൊല്ലപ്പെട്ടു. ഇത് 632-ാമത്തെ കുട്ടിയാണ് യുദ്ധം ആരംഭിച്ചശേഷം നഷ്ടപ്പെടുന്നത്. – സെലൻസ്കി കുറിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഫോണിലാണ് ഇരുവരും സംസാരിച്ചത്. യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പുടിൻ പറഞ്ഞതായി ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ചർച്ചനടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ ആക്രമണമെന്നതും ശ്രദ്ധേയമാണ്.
നേരത്തേ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രെയ്ൻ(എസ്ബിയു) ആണ് റഷ്യൻ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്. യുക്രെയ്നിലെ വാർത്താ ഏജൻസിയായ ആർബിസി ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 18 മാസത്തോളം എസ്ബിയു ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത്. ട്രക്കുകളുടെ പുറകിൽ വിദഗ്ധമായി ഡ്രോണുകൾ ഒളിപ്പിച്ചുവെക്കുകയായിരുന്നു. യുക്രെയ്ൻ നടത്തിയ ഡ്രോണ് ആക്രമണത്തിൽ റഷ്യയുടെ 40–ൽ അധികം ബോമർ വിമാനങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. അവയിൽ 13 എണ്ണം പൂർണ്ണമായി തകർന്നുവെന്നും ബാക്കിയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യയുടെ 5000 കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാർഗം 117 ഡ്രോണുകൾ ലോറികളിൽ അയച്ച്, തകർക്കാനുദ്ദേശിച്ച ലക്ഷ്യങ്ങളായ വ്യോമത്താവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെ നിന്നായിരുന്നു യുക്രെയ്ന്റെ ആക്രമണം.



