കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിന് തെറ്റുപറ്റിയെന്ന് കോണ്‍ഗ്രസ് നേതൃത്വം. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്‍റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. സമൂഹമാധ്യമങ്ങളിലും പുറത്തും തരൂരിന് പിന്തുണയേറുമ്പോള്‍ അച്ചടക്ക നടപടി ബൂമറാങ്ങാകുമെന്നാണ് നേതൃത്വം കരുതുന്നത്. അതേ സമയം ഹൈക്കമാന്‍ഡ് നേതൃത്വത്തിന്‍റെ അവഗണനയില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. പ്രവര്‍ത്തക സമിതിയിലെടുത്തെങ്കിലും സംഘടനാപരമായ വിഷയങ്ങളില്‍ അകറ്റി നിര്‍ത്തിയിരിക്കുന്നുവെന്നാണ് ആക്ഷേപം. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ പാര്‍ലമെന്‍റിലും മുന്‍കാലങ്ങളിലേത് പോലെ പരിഗണിക്കപ്പെടുന്നില്ല. തരൂരിന്‍റെ സാന്നിധ്യത്തെ സംസ്ഥാനത്തും നേതാക്കള്‍ താല്‍പര്യപ്പെടുന്നില്ല.
തരൂരിന് തെറ്റു പറ്റിയെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. നയതന്ത്രം പറഞ്ഞ് മോദി പ്രകീര്‍ത്തനത്തില്‍ നിന്നും, കണക്കുകളുടെ ബലത്തിലെെന്ന വാദത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സ്തുതിയില്‍ നിന്നും തരൂര്‍ തലയൂരുമ്പോള്‍ പാര്‍ട്ടിക്ക് അത് ദേശീയ തലത്തിലും കേരളത്തിലും വലിയ പരിക്കേല്‍പിച്ചുവെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്. പാര്‍ട്ടി നേതാവെന്ന ലേബലില്‍ വ്യവസായ മന്ത്രിയുടെ അവകാശ വാദം ഉന്നയിച്ച് തരൂര്‍ ലേഖനമെഴുതാന്‍ പാടില്ലായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.
അതിനിടെ ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണ് അദ്ദേഹമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശശി തരൂർ പറയുന്നത് സാമൂഹിക സത്യം. അതിനെ കോൺഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂർ വിദ്യാസമ്പന്നനാണെന്നും ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തരൂരിന പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുന്നവരാണ് കോൺഗ്രസുകാർ. സത്യങ്ങളെ കണ്ടുപഠിച്ചു അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കണ്ട. മുഖ്യമന്ത്രി മോഹികളായി കോൺഗ്രസിൽ ഒരുപാട് പേരുണ്ട്. അഞ്ചാറു പേർ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി തർക്കിക്കുന്നു. കേരളത്തിൽ ഇനിയും പിണറായി തന്നെ ഭരണത്തിൽ വരും. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സാധ്യത ഇടതുപക്ഷത്തിന് തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.