ന്യൂ ഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 മരണം. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 11 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന് എൽഎൻജിപി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പ്രയാഗ്‌രാജിലേക്കുള്ള തീർഥാടകരുണ്ടായിരുന്ന 14, 15 പ്ലാറ്റ്ഫോമുകളിലാണ് ദുരന്തമുണ്ടായത്. ട്രെയിനുകൾ എത്തിയപ്പോൾ പെട്ടെന്ന് വലിയ തിരക്കുണ്ടാകുകയായിരുന്നു. പ്ലാറ്റ്ഫോം മാറി ട്രെയിൻ നിർത്തിയതാണ് തിരക്കിലേക്കു നയിച്ചതെന്നാണ് വിവരം.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തരമന്ത്രി അമിത് ഷായും, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പൊലീസും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് ദുരന്തനിവാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ലഫ്. ഗവര്‍ണർ, മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രിയിലെത്തി. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താനും ദുരന്തനിവാരണത്തിന് കൂടുതല്‍ സേനകളെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയതായി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അറിയിച്ചു.