വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സല്ല ഇലോണ്‍ മസ്‌കാണ് എന്ന തരത്തിലായിരുന്നു വാഷിങ്ടണില്‍ കാര്യങ്ങൾ നടന്നിരുന്നത്. തീരുമാനമെടുക്കുന്നത് ട്രംപാണെങ്കിലും ചരടുവലിക്കുന്നത് മസ്‌കാണെന്നാണായിരുന്നു ജനസംസാരം. എന്നാൽ കുറച്ചു ദിവസങ്ങൾ ആയി കാര്യങ്ങൾ ആകെ വഷളായിരിക്കുകയാണ്. ഡോണൾഡ് ട്രംപും എലോണ്‍ മസ്‌കും തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ട്രംപിന്റെ നികുതി, കുടിയേറ്റ ബില്ലുകൾക്കു എതിരെ മസ്ക് പരസ്യമായി പ്രതികരിച്ചു. കഴിഞ്ഞ മാസം കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി സ്ഥാനത്തു നിന്നും ഒഴിവായി. ഇപ്പോൾ പരസ്യ പ്രതികരണങ്ങളുമായി ഇരുവരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണ്.
ഇലോൺ മസ്കിന്‍റെ കമ്പനികൾക്ക് സർക്കാർ നല്‍കുന്ന സബ്‌സിഡികൾ നിർത്തലാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവിശ്യപ്പെട്ടു . ഇലോൺ മസ്കിന്‍റെ കമ്പനികൾക്ക് സർക്കാർ സബ്‌സിഡികൾ, നികുതി ഇളവുകൾ എന്നിവ വഴി ലഭിച്ചത് 38 ബില്യൻ ഡോളറാണ്. ഇത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. മസ്‌കുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇനി തുടരുമോ എന്ന് സംശയമാണെന്നും മസ്കിൽ താൻ നിരാശനാണെന്നും, വൈറ്റ് ഹൗസിൽ നിന്ന് പിരിയാൻ നിർദേശിച്ചെന്നുമാണ് ട്രംപ് നിലവില്‍ പറയുന്നത്.
ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 -ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക് പറഞ്ഞു. നികുതി നിയമത്തെ കുറിച്ച് മസ്‌കിന് അറിയാമായിരുന്നുവെന്നും വൈദ്യുത വാഹനങ്ങൾക്കുള്ള ഉപഭോക്‌ത്യ നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന നിയമത്തിലെ വ്യവസ്‌ഥയാണ് മസ്ക് പ്രശ്നം സൃഷ്‌ടിക്കാൻ കാരണമെന്ന ട്രംപിൻ്റെ പ്രസ്താവന മസ്‌ക് നിഷേധിച്ചു. നികുതി നിയമം തന്നെ കാണിച്ചിട്ടില്ലെന്നും മറ്റാർക്കും വായിക്കാൻ അവസരം നൽകാതെ അതിവേഗമാണ് അത് പാസാക്കിയതെന്നും മസ്‌ക് ആരോപിച്ചു.
നേരത്തെ ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങിയിരുന്നു. ട്രംപിന്‍റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോയത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്‍റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്‍റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. “ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്‍റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്‍റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് മിഷൻ കാലക്രമേണ ശക്തിപ്പെടും. അത് സര്‍ക്കാരിന്‍റെ രീതിയായി മാറും“- മസ്‌ക് എക്‌സില്‍ കുറിച്ചു.
ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം. സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്‍റെ അധിക ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് ആഞ്ഞടിച്ചു. ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്ക് പറഞ്ഞു.
കഴിഞ്ഞ മാസം അവസാനമാണ് മസ്ക് ഡോജിൽ നിന്നും ഒഴിഞ്ഞത്. കമ്പനിയായ ടെസ്‍ലയുടെ വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇരുവർക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ വ്യക്തമാക്കുന്നതാണ് പിന്നീട് മസ്ക് നടത്തിയ പ്രസ്താവനകൾ. ഫെഡറൽ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനുള്ള ഉന്നതതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെന്ന പേരിലാണ് ട്രംപ് ഡോജ് രൂപീകരിച്ചത്. ഡോജിന്റെ ഭാഗമായി സർക്കാർ സംവിധാനത്തിൽ വലിയ വെട്ടിച്ചുരുക്കലുകളും കടുത്ത നടപടികളും മസ്ക് സ്വീകരിച്ചിരുന്നു.



