ഡൽഹിയിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരു കുടുംബത്തിലെ നാലുപേര്‍ ഉൾപ്പടെ അഞ്ചു മരണം. ദ്വാരകയിൽ കാറ്റില്‍ മരം കടപുഴകി വീണ് ആണ് അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ചത്. ഇലക്ട്രിക്ക് ഷോക്ക് ഏറ്റാണ് മറ്റൊരാൾ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച കനത്ത മഴയെ തുടർന്നു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അണ്ടര്‍ പാസുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു.
അടുത്ത രണ്ടു ദിവസത്തേക്ക് കൂടി ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും മഴ ബാധിച്ചു. 40 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. നൂറോളം വിമാനങ്ങള്‍ വൈകുന്നതായാണ് വിവരം. മഴക്കെടുതി പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു.