ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് തന്ത്രപരമായ ഇടപെടലിലൂടെ യുവാവിന്റെ ജീവൻ രക്ഷിച്ചത്. സംഭവം ഹരിപ്പാട് ബ്രഹ്മാണ്ടവിലാസം സ്കൂളിനും തൃപ്പക്കുടം റെയിൽവേ ക്രോസിനും ഇടയിലാണ് ഉണ്ടായത്.
യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് സിവിൽ പൊലീസ് ഓഫീസർ നിഷാദ് റെയിൽവേ ട്രാക്കിന് സമീപത്തെത്തിയത്. സമീപത്തുള്ള ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോൾ ഒരാൾ ട്രാക്കിൽ നിൽക്കുന്നതായി അറിയിക്കുകയും എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്‌സ്‌പ്രസ് ഉടൻ എത്താനിരിക്കുകയാണെന്നും അറിയിക്കുകയും ചെയ്തു.
ട്രെയിൻ ഇതിനകം ഹരിപ്പാട് സ്റ്റേഷൻ കടന്നുപോയതിനാൽ പിടിച്ചിടാൻ സാധ്യമായിരുന്നില്ല. ഏകദേശം 200 മീറ്റർ അകലെയുള്ള യുവാവിനെ ലക്ഷ്യമാക്കി നിഷാദ് ഓടിയെത്തി. പക്ഷേ, പകുതി ദൂരമായപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയിരുന്നു. ഓടിയെത്തുക പ്രയാസമായ സാഹചര്യത്തിൽ, ‘ഡാ, ചാടെല്ലേടാ, പ്ലീസ്!’ എന്ന് ഉച്ചത്തിൽ വിളിച്ച് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
ഓട്ടത്തിനിടെ ചെരിപ്പ് ഊരിപോയെങ്കിലും, പൊലീസ് ഉദ്യോഗസ്ഥൻ ട്രാക്കിൽ വീണെങ്കിലും, ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുൻപായി ചാടി രക്ഷപ്പെട്ടു. കൂടാതെ, പൊലീസുകാരന്റെ അലർച്ച കേട്ട യുവാവും നേരത്തേ തന്നെ ട്രാക്കിൽ നിന്ന് മാറി നിന്നു.
ജീവൻ പണയം വെച്ച് നടത്തിയ ഈ സമയോചിതമായ ഇടപെടലാണ് ഒരു യുവാവിന്റെ ജീവൻ രക്ഷിച്ചത്.. പിന്നീട്, യുവാവ് താൻ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും അതിനാലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും പൊലീസിന് മുന്നിൽ സമ്മതിച്ചു.