വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനെയും, വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വായിദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്‌ലാകി. ട്രംപിൻ്റെ ഉപദേഷ്‌ടാക്കളെയും വധിക്കണമെന്നും അൽ അഖ്ലാകി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയിലുള്ള മുസ്ലിം സമൂഹത്തോടാണ് ഭീകര സംഘടന നേതാവിൻ്റെ ആഹ്വാനം. പ്രതികാരം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഞയറാഴ്‌ച മുതലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. ‘അവരുടെ പിന്നാലെ പോകൂ. അവരുടെ കുടുംബങ്ങളെയും വിടേണ്ട. വൈറ്റ് ഹൗസിലെ രാഷ്ട്രീയ പ്രവർത്തകരുമാരുമായി അടുപ്പമുള്ള എല്ലാവരെയും തീർക്കണം’ – ഇതാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ട്രംപ്, മസ്‌ക്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്‌ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗാസയിലുള്ള തങ്ങളുടെ ജനതയ്ക്കുണ്ടായ വിഷമതകൾക്ക് ശേഷം ഇനിയൊരു ഒത്തുതീർപ്പ് വേണ്ടെന്നും ജൂതരെ സുഖമായി കഴിയാൻ അനുവദിക്കരുതെന്നും വീഡിയോയിൽ പറയുന്നു. 2024 മാർച്ചിലാണ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്‌ലാകി അൽ ഖ്വായിദയുടെ നേതൃസ്ഥാനത്തെത്തിയത്. ആറ് മില്യൺ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. നേതൃസ്ഥാനത്തെത്തിയ ശേഷം അൽ അവ്‌ലാകിയുടേതായി പുറത്തു വന്ന ആദ്യ വീഡിയോയാണ് ഇതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു. യെമനിലാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് കരുതുന്നത്. പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും ഗാസയിലെ ആക്രമണത്തിന്റെ പേരില്‍ ഈജിപ്റ്റ്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാനും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.