ടോക്യോ: ജപ്പാൻ്റെ തെക്കൻദ്വീപായ ഒകിനാവയിലെ അമേരിക്കൻ സൈനികതാവളത്തിൽ സ്ഫോടനം. നാലു ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. കദേന വ്യോമതാവളത്തിലെ യുദ്ധോപകരണ സംഭരണശാലയിൽ ഒകിനാവ പ്രിഫെക്‌ചറൽ സർക്കാർ കൈകാര്യംചെയ്യുന്ന കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്ന് അമേരിക്കൻ വ്യോമസേന സ്ഥിരീകരിച്ചു.
രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുൻപ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് സ്വയംപ്രതിരോധസേന (എസ്ഡിഎഫ്) പറഞ്ഞു. രണ്ടാം ലോക യുദ്ധകാലത്തെ നൂറുകണക്കിന് ടൺ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിക്കതും യുഎസ് സൈന്യം ജപ്പാനിൽ ഇട്ടവയാണ്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ഉപേക്ഷിച്ച 1,856 ടൺ പൊട്ടാത്ത ബോംബുകൾ ജപ്പാനിൽ കുഴിച്ചിട്ടിരിക്കുകയാണ്. ഒക്ടോബറിൽ തെക്കൻ ജപ്പാനിലെ വാണിജ്യ വിമാനത്താവളത്തിൽ ഇത്തരം ബോംബ് പൊട്ടിത്തെറിച്ചിരുന്നു.