ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ച തീരുമാനം മൂന്ന് മാസത്തേക്ക് മരവിപ്പിച്ചു. എന്നാല്‍ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്.
വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍വരികയും ചെയ്തിരുന്നു. അതാണിപ്പോള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് യുഎസ് ചുമത്തിയത് 26 ശതമാനമായിരുന്നു.
ട്രംപിൻ്റെ നടപടിക്ക് പിന്നാലെ അമേരിക്കൻ ഓഹരി സൂചികകളിൽ മുന്നേറ്റം. ഡൗ ജോൺസ് സൂചിക 8 ശതമാനം ഉയർന്നു. 3000 പോയിന്റിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് 12 ശതമാനവും, എസ് ആൻഡ് പി 500 ഒൻപത് ശതമാനവും മുന്നേറി. കഴിഞ്ഞ ആഴ്ചയിലെ തുടർച്ചയായ ഇടിവുകൾക്കു ശേഷം ആണ് ഓഹരി സൂചികകളുടെ തിരിച്ചുവരവ്.