ന്യൂ ഡൽഹി: രാജ്യത്തെ 103 അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവ്വഹിക്കും. കേരളത്തിലെ ചിറയിൻകീഴ്, വടകര സ്റ്റേഷനുകള്‍ക്ക് പുറമേ മാഹി റെയില്‍വേ സ്റ്റേഷനും ഇതില്‍ ഉള്‍പ്പെടും. രാജസ്ഥാനിലെ ബിക്കാനിറിലാണ് ചടങ്ങ് നടക്കുന്നത്. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലൂടെ രാജ്യത്തെ 1300-ഓളം റെയില്‍ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് അമൃത് ഭാരതിന്‍റെ ഭാഗമായി നടപ്പാക്കുന്നത്.
രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് കേരളത്തിലെ വടകര, ചിറയിന്‍കീഴ് ഉള്‍പ്പെടെയുള്ള ബാക്കി സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കും. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ഉദ്ഘാടന സഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തും. വടകരയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മുഖ്യാതിഥിയാവും. പി. ടി ഉഷ എം.പിയും ചടങ്ങുകളിൽ പങ്കെടുക്കും.
കൂടുതല്‍ സൗകര്യങ്ങളോടെയുള്ള വിശ്രമമുറി, ശൗചാലയങ്ങള്‍, ടിക്കറ്റ് കൗണ്ടറുകള്‍, പ്ലാറ്റ്ഫോം എന്നിവയ്ക്കു പുറമേ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍, പാര്‍ക്കിങ്ങ് യാഡ് എന്നിവയും ഇതിന്‍റെ ഭാഗമായി നവീകരിച്ചിട്ടുണ്ട്. 18 സംസ്ഥാനങ്ങളിലെ 103 സ്റ്റേഷനുകളുടെ നവീകരണത്തിനായി 1100 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. കേരളത്തില്‍ 35 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1,300ലധികം സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്.
റിപ്പോർട്ട്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട