Tuesday, March 24, 2026
Home » ചാർജിങ് സ്റ്റേഷനുകൾക്ക് പുതിയ മുഖം; കെഎസ്ഇബിയുടെ ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി പ്രവർ‍ത്തനത്തിലേക്ക്
ചാർജിങ് സ്റ്റേഷനുകൾക്ക് പുതിയ മുഖം; കെഎസ്ഇബിയുടെ ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി പ്രവർ‍ത്തനത്തിലേക്ക്

ചാർജിങ് സ്റ്റേഷനുകൾക്ക് പുതിയ മുഖം; കെഎസ്ഇബിയുടെ ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി പ്രവർ‍ത്തനത്തിലേക്ക്

by Editor
Send your news and Advertisements

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. ‘റിഫ്രഷ് ആൻഡ് റീചാർജ്’ എന്ന പേരിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പദ്ധതി Design- Build- Finance-Operate- Transfer (DBFOT) മോഡലിലാണ് നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള 63 പൊതു EV ചാർജിങ് സ്റ്റേഷനുകളിൽ കഫറ്റീരിയ, ടോയ്ലറ്റ്, വിശ്രമിക്കാനുള്ള ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും.

പദ്ധതിയിൽ പങ്കാളികളാകുന്ന നിക്ഷേപകർക്ക് ചാർജിങ് സ്റ്റേഷനുകൾ 10 വർഷത്തേക്ക് ഉപയോഗിക്കാനാകും. കുറഞ്ഞത് നാല് CCS2 ചാർജിങ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. കൂടാതെ, നിർദേശിച്ച നിലയിൽ വൈദ്യുതി ഉപഭോഗം നിലനിർത്തുകയും ചെയ്യണം.

നിലവിൽ EV ചാർജിങ് സംബന്ധിച്ച് വിവിധ വാലറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ ബുദ്ധിമുട്ടുകൾ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ അവസ്ഥ മാറ്റി, പുതിയ സംവിധാനം വഴി ഉപയോക്താക്കൾക്ക് യുപിഐ പോലെയുള്ള വഴികളിലൂടെ അനായാസമായി പണമടച്ച് ചാർജിങ് നടത്താനാകുന്ന സംവിധാനമാണ് ഒരുക്കപ്പെടുന്നത്. ആപ്പ് അല്ലെങ്കിൽ പ്രത്യേക വാലറ്റുകൾ ഇല്ലാതെ തന്നെ പ്രവർത്തിക്കാവുന്ന AI സാങ്കേതികവിദ്യ വഴി ഈ സേവനം കാര്യക്ഷമമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ വിശദാംശങ്ങൾ etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അതേസമയം, സംസ്ഥാനത്തെ ഉപഭോക്താക്കളെ സഹായിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി ഇന്ധന സർചാർജിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഏപ്രിൽ മുതൽ നിലവിലുള്ള 19 പൈസയുടെ സർചാർജിനെ 7 പൈസ ആയി കുറിച്ചിട്ടുണ്ട്. ഇതുവഴി ഓരോ യൂണിറ്റിലും 12 പൈസയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും പൂര്‍ണമായി ഒഴിവാക്കിയതും ഇളവിന്റെ ഭാഗമാണ്. ഇതോടൊപ്പം, ഏപ്രിൽ മുതൽ പ്രതിയൂണിറ്റിൽ ശരാശരി 12 പൈസയുടെ നിരക്കേറിയേക്കാമെന്ന മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇന്ധന സർചാർജിൽ വന്ന കുറവ് കാരണം ഉപഭോക്താക്കൾക്ക് ഈ വർദ്ധനവിൽ പ്രത്യക്ഷമായ അധികബാധ്യത ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു.

You may also like

error: Content is protected !!