ടെൽ അവീവ്: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്‌ലീൻ കപ്പൽ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്ത് നിന്ന് ഗാസയിലേക്ക് അവശ്യവസ്‌തുക്കളുമായി ജൂൺ ഒന്നിന് യാത്ര തിരിച്ച കപ്പലാണ് ഇസ്രയേൽ കസ്റ്റഡിയിലെടുത്തത്. ഗാസയിലെ ഇസ്രയേൽ ഉപരോധത്തിന് എതിരെ പ്രവർത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ളോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകർ ഗാസയിലേക്ക് തിരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ടോടെ ഇവർ സഞ്ചരിച്ച കപ്പൽ അന്താരാഷ്ട്ര ജലപാതയിൽ വച്ച് ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഗ്രെറ്റ തുൻബർഗിന് പുറമെ റിമ ഹസൻ, യാസമിൻ അകാർ (ജർമനി), ബാപ്റ്റിസ്റ്റെ ആൻഡ്രെ (ഫ്രാൻസ്), തിയാഗോ അവില (ബ്രസീൽ), ഒമർ ഫൈയാദ് (ഫ്രാൻസ്), പാസ്‌കൽ മൗറീറാസ് (ഫ്രാൻസ്), യാനിസ് (ഫ്രാൻസ്), സുബൈബ് ഒർദു (തുർക്കി), സെർജിയോ ടൊറിബിയോ (സ്പെയിൻ), മാർക്കോ വാൻ റെന്നിസ് (നെതർലൻഡ്), റെവ വിയാഡ് (ഫ്രാൻസ്) എന്നിവരും ഒപ്പം ഗെയിം ഓഫ് ത്രോൺസ് താരവും അയർലൻഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിൽ ഉണ്ടായിരുന്നു.
കപ്പൽ ഗാസയിൽ എത്താതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇസ്രയേൽ നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. പാലസ്‌തീൻ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. കപ്പൽ തടയാൻ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്‌സ് ഡിഫൻസ് ഫോഴ്സിന് നിർദേശം നൽകുകയായിരുന്നു. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവർത്തകരേയും തിരിച്ചയയ്ക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.