അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. ഇനിയും കണ്ടെത്താനുള്ള നാലു പേർക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ കനത്ത മഴയും നദിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തുന്നതും തെരച്ചിലിന് തടസമാകുന്നുണ്ട്. ഇന്നലെയാണ് ഗുജറാത്തില്‍ പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ‘ഗംഭീര’ എന്ന പാലമാണ് തകര്‍ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണിത്. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു.
അപകത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവരുടെ കുടുംബത്തിന് അന്‍പതിനായിരം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുജറാത്തില്‍ പാലം തകര്‍ന്ന് പതിമൂന്നോളം പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണം ആണ് ഉയരുന്നത്. പാലം അപകടത്തിലാണെന്ന് അറിയിച്ച് മൂന്ന് വര്‍ഷം മുന്‍പ് വഡോദര ഡിവിഷന്‍ റോഡ് ആന്‍ഡ് ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെൻ്റിന് ജില്ല പഞ്ചായത്ത് അംഗം അപകടം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു എന്നാണ് ആരോപണം. പാലത്തിന് അസാധാരണ കുലുക്കം ഉണ്ടായിരുന്നുവെന്ന് കത്തിൽ അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കത്ത് നിഷേധിച്ചുവെന്നാണ് ആരോപണം. 1985-ൽ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങൾ കടത്തിവിട്ടതും അപകട കാരണമായെന്നാണ് ആരോപണം.