ന്യൂഡൽഹി: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗാർഹിക പാചകവാതകമായ എൽപിജിയുടെ വില കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ ആണ് വർധിപ്പിച്ചത്. 2025 ഏപ്രിൽ 8 ചൊവ്വാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നവർക്കും വില വർധന ബാധകമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഉജ്വല പദ്ധതി ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടർ 550 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവർ സിലിണ്ടറിന് 853 രൂപ നൽകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കഴിഞ്ഞയാഴ്‌ച 41 രൂപ കുറച്ചിരുന്നു.
2024 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് പാചകവാതക വില വർധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതും, എണ്ണക്കമ്പനികൾ നേരിട്ട നഷ്ടവും (₹41,338 കോടി) വർധനയുടെ കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
ഇന്ധന തീരുവ വർധിച്ചു.
രാജ്യത്തു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി, ഇന്നു മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത് കാരണം പൊതുജനങ്ങൾക്കു ലഭ്യമാകേണ്ടിയിരുന്ന വിലക്കുറവ് കിട്ടാനിടയില്ല. ക്രൂഡ് വില 4 വർഷത്തെ താഴ്‌ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. നിലവിൽ കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില.


