കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതി. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്. നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ പല പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. എഴുപതുകളില്‍ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്കും ‘ബാഹുബലി’യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനാണ്.
1970-ല്‍ മനസ്സില്‍ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ല്‍ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 1974-ല്‍ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍…’ എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായി. ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍ ചിലതാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
തീർത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ. 70 -കളിലും 80 -കളിലും നിരവധിയായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ എഴുതി. ലക്ഷാർച്ചനകണ്ട് മടങ്ങുമ്പോൾ, നാടൻപാട്ടിന്റെ മടിശ്ശീല തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ബാഹുബലി അടക്കമുള്ള അന്യഭാഷാ ചലച്ചിത്ര തിരക്കഥകളും സംഭാഷണവും മലയാളത്തിലാക്കുന്നതിലൂടെയും ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.