Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഖത്തറിലെ യു എസ് സൈനിക താവളം ഇറാൻ ആക്രമിച്ചു; എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്ന് ട്രംപ്
ഖത്തറിലെ യു എസ് സൈനിക താവളം ഇറാൻ ആക്രമിച്ചു; എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്ന് ട്രംപ്

ഖത്തറിലെ യു എസ് സൈനിക താവളം ഇറാൻ ആക്രമിച്ചു; എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്ന് ട്രംപ്

by Editor

ദോഹ:  ഖത്തറിലെ അമേരിക്കയുടെ അൽ ഉദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചു. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളമാണ് ഇറാൻ ലക്ഷ്യമിട്ടത്. മിസൈലുകളെല്ലാം തക‍ർത്തതായി ഖത്തർ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ അപലപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചു എന്നും ഖത്തർ അറിയിച്ചു. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തി. ഇറാന്‍ നടത്തിയത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി അടിയന്തരമായി ചര്‍ച്ചകളിലേയ്ക്ക് കടക്കണമെന്നും മജീദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു.

ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു.

ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ആക്രമണത്തിന് ശേഷം ഇറാൻ വ്യക്തമാക്കിയത്. അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെയാണെന്നാണ് ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ വിശദീകരണം. ഈ നടപടി സൗഹൃദവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഒരു ഭീഷണിയും ഉയർത്തുന്നതല്ലെന്നും അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചു.

ഇറാന്‍റെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ‘ ഓപ്പറേഷനെ പരിഹസിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്നാണ് ഇറാന്‍റെ തിരിച്ചടിയെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാൻ ആക്രമണം ദുർബലമെന്നും ഇറാൻ നേരത്തെ വിവരം നൽകിയെന്നും യു എസ് പ്രസിഡന്‍റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഖത്തറിലെ സൈനിക താവളത്തിലേക്ക് ഇറാന്‍റെ 14 മിസൈൽ വന്നു, അതിൽ 13 ഉം വീഴ്ത്തിയെന്നും ഒരെണ്ണം ദിശ തെറ്റി എങ്ങോട്ട് പോയെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍റെ തിരിച്ചടിയിൽ ആർക്കും പരിക്കില്ല, നാശനഷ്ടമില്ലെന്നും ട്രംപ് പരിഹസിച്ചു. ഖത്തർ ഭരണാധികാരിക്ക് നന്ദി പറഞ്ഞ ട്രംപ്, മേഖലയിലെ സമാധാനത്തിനായി ചെയ്ത എല്ലാറ്റിനും നന്ദിയെന്നും വിവരിച്ചു. ഇനി ഇറാനും ഇസ്രായേലിനും സമാധാനം ആകാമെന്നും പശ്ചിമേഷ്യയിലെ ആശങ്ക ഒഴിയുന്നുവെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. അൽ ഉദൈദ് സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാശനഷ്ടമില്ലെന്നും ഖത്തറിലെ യുഎസ് സൈനിക താവളത്തിലല്ലാതെ മറ്റൊരിടത്തും ആക്രമണമുണ്ടായതായി വിവരമില്ലെന്നും യുഎസ് സൈന്യം അറിയിച്ചു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമ പാതയും അടച്ചു. കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഒമാൻ എയർവേയ്‌സ്‌ അവരുടെ വിമാന സർവീസുകൾ നിർത്തിവച്ചു. മാനമ, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് താൽക്കാലികമായി നിർത്തിയത്. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി ഈജിപ്ത് എയർ അറിയിച്ചു. രാജ്യത്തിനു മുകളിലൂടെ വിമാനങ്ങൾ പറക്കുന്നത് താൽക്കാലികമായി നിരോധിച്ചതായി ബഹ്റൈൻ അറിയിച്ചു.

ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം.

Send your news and Advertisements

You may also like

error: Content is protected !!