ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ 17 വീടുകൾ തീവെച്ച് നശിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രസിഡന്റ് പദവി ഒഴിഞ്ഞ് പലായനം ചെയ്ത ശേഷം ബംഗ്ലാദേശിൽ രാജ്യത്തെ ന്യുനപക്ഷമായ ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എതിരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസം. പുലർച്ചെ 12:30 ന് സമീപ ഗ്രാമത്തിലെ ഒരു പള്ളിയിൽ രാത്രി കുർബാനയിൽ പങ്കെടുക്കാൻ ആളുകൾ പോയപ്പോൾ ആണ് സംഭവമുണ്ടായതത്. നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ബന്ദർബൻ ജില്ലാ അധികൃതർ പറഞ്ഞു. 17 വീടുകൾ പൂർണമായും രണ്ട് വീടുകൾ ഭാഗികമായും കത്തി നശിച്ചു. സംഭവത്തെ അപലപിച്ചുകൊണ്ട്, ബംഗ്ലാദേശ് ഇടക്കാല സർക്കാർ രംഗത്തെത്തി. ഒരേസമുദായത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ദീർഘകാല തുടരുന്ന സംഘർഷത്തെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ആണ് സർക്കാർ വിശദീകരണം.
അതിനിടെ ബംഗ്ലാദേശ് സെക്രട്ടേറിയറ്റിൽ ഏഴാം നമ്പർ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.