കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായമില്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ 5 മരണങ്ങൾ ഉണ്ടായെന്നും നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങള്‍ക്കും അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ഒരാള്‍ മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പുക ശ്വസിച്ചാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം ആശുപത്രി തള്ളി. മൂന്നോളം രോഗികള്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. അത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശേഷം അഞ്ച് മരണങ്ങൾ ഉണ്ടായെന്നും അതിൽ രണ്ടു പേർ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്നവരാണെന്നും മൂന്നു പേർ അർബുദമടക്കമുള്ള രോഗങ്ങൾ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. ഇവരിൽ 4 പേർ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ഒരാൾ വ്യാഴാഴ്ചയും അഡ്മിറ്റായവരാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെ രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ മാറ്റിയെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു.