കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെറ്റൈൽസ് എന്ന വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. നിമിഷങ്ങൾക്കകം തീ മൂന്നാം നിലയിലേക്കും സമീപത്തെ മറ്റ് കടകളിലേക്കും ഗോഡൗണുകളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രധാനമായും വസ്ത്രങ്ങളും പ്ലാസ്റ്റിക്കും സൂക്ഷിച്ചിരുന്നതിനാൽ കറുത്ത പുക നഗരം മുഴുവൻ വ്യാപിക്കുകയും രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയും ചെയ്‌തു. പുക ശ്വസിച്ചതിനെ തുടർന്ന് ചില ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെങ്കിലും, പോലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകി ആളുകളെ ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.
ഫയർഫോഴ്സിന് തീ അണക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. കെട്ടിടത്തിന് മുകളിലേക്ക് കയറാൻ പ്രയാസം നേരിട്ടതാണ് തീ നിയന്ത്രണ വിധേയമാക്കാൻ വൈകിയത്. നഗരത്തിൽ വലിയ തീപ്പിടിത്തമുണ്ടായാൽ ഏതുവിധത്തിലാണ് നിയന്ത്രിക്കേണ്ടത് എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തന്നെയാണെന്ന് മൊഫ്യൂസിൽ സ്റ്റാൻഡിലുണ്ടായ തീപ്പിടിത്തം വ്യക്തമാക്കുന്നു. തീപ്പിടിത്തമുണ്ടായ വിവരം ധരിപ്പിച്ചിട്ടും പോലീസോ മറ്റേതെങ്കിലും ദൗത്യസേനയോ സ്ഥലത്തെത്താൻ വൈകിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആദ്യമെത്തിച്ചേർന്ന അഗ്നിരക്ഷാസേനയുടെ ഫയർ എൻജിനുകളിൽ മതിയായ അളവിൽ വെള്ളമില്ലാത്തതിനാൽ വെള്ളം നിറയ്ക്കാനായി മടങ്ങിപ്പോയത് തീപടരുന്നതിന് കാരണമാക്കിയെന്നും നാട്ടുകാർ പറയുന്നു. അപ്പോഴേക്കും പുക നിറഞ്ഞ് രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്ത ഘട്ടമായിക്കഴിഞ്ഞിരുന്നു.
കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. തുണിക്കടയുടെ ഗോഡൗണും കത്തിനശിച്ചു. ഫയര്‍ ഹൈഡ്രന്റ് ഇല്ലാതിരുന്നത് വെള്ളം നിറയ്ക്കുന്നതിന് തടസ്സമായി. വാഹനങ്ങള്‍ പോയിത്തന്നെ വെള്ളം നിറച്ചുവരേണ്ടിവന്നു. തീ പടരാതിരിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ, മറ്റു കെട്ടിടങ്ങളിലേക്കു വ്യാപാരികളുടെ സഹായത്തോടെ കയറി. മുകൾ നിലയിലെ ഷട്ടറുകളും വാതിലും തകർത്തു. സ്‌റ്റാൻഡിൻ്റെ വടക്കുഭാഗത്തെ കെട്ടിട ബ്ലോക്കിലെ നാലാം നിലയിൽ കയറി വെള്ളം പമ്പു ചെയ്‌ത് തീ നിയന്ത്രണ വിധേയമാക്കി. അപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കെമിക്കൽ ഫയർ എൻജിൻ എത്തിയിട്ടും മണിക്കൂറുകൾക്കു ശേഷമാണു തീ നിയന്ത്രണ വിധേയമായത്.