കോട്ടയം: കോട്ടയത്ത് 3,750 പാക്കറ്റ് ഹാൻസുമായി രണ്ട് അസം സ്വദേശികൾ അറസ്റ്റിലായി. അസമിലെ സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരെയാണ് കോട്ടയം നർകോട്ടിക് സെൽ അറസ്റ്റ് ചെയ്തത്. പ്രതികൾ താമസിച്ചിരുന്ന കോട്ടയം കുമാരനല്ലൂർ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്.
നിരോധിത പുകയില ഉത്പന്നമായ ഹാൻസ് വൻതോതിൽ കടത്തിക്കൊണ്ടുവന്ന് ആവശ്യക്കാർക്ക് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാൻസാഫും കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പിടിച്ചെടുത്ത ഹാൻസ് ഉത്പന്നങ്ങൾക്ക് വിപണിയിൽ ഏകദേശം രണ്ട് ലക്ഷം രൂപ വില വരും. അസമിൽ നിന്നടക്കം ഹാൻസ് എത്തിച്ചു ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്നതിലൂടെ പ്രതികൾ പണം സമ്പാദിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഡാൻസാഫ് സംഘത്തോടൊപ്പം എസ്.ഐ. അനുരാജ്, ഷൈജു രാഘവൻ, എ.എസ്.ഐ. സന്തോഷ് ഗിരിപ്രസാദ്, സിബിച്ചൻ, ലിജു എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.


