തിരുവനന്തപുരം: കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.
ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമാക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഇവിടങ്ങളിൽ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ് എന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ തിങ്കളാഴ്‌ചത്തെ കണക്കനുസരിച്ച് നിലവിൽ 257 പേർക്കാണ് ഇന്ത്യയിൽ രോഗബാധ ഉള്ളത്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്‌തത്. ഏഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം ജെഎൻ1 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കേസുകൾ കൂടുതൽ ജാഗ്രതയോടെയാണ് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്. സിംഗപ്പുരിലും ഹോങ്കോങ്ങിലും ഒമിക്രോൺ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ഒരാഴ്‌ച കൊണ്ട് രോഗബാധിതർ 12-ൽ നിന്ന് 56 ആയി. തമിഴ്‌നാട്ടിൽ 34 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക, ഗുജറാത്ത്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, സിക്കിം സംസ്ഥാനങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച രണ്ടു പേരുടെ മരണം ആശങ്കയുണ്ടാക്കിയെങ്കിലും ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗം കൂടുതൽ വ്യാപിക്കാള്ള സാധ്യതകൾ നിലവിലില്ലെന്നും ഐസിഎംആർ പ്രതിനിധികൾ അറിയിച്ചു.
സിംഗപ്പുരിൽ ഒരോ ആഴ്‌ചയും 28 ശതമാനം കേസുകൾ കൂടുന്നതായി കണ്ടെത്തി. തായ്ലാൻഡിൽ മെയ് 11നും 17നും ഇടയിൽ 33,030 പേർക്ക് കോവിഡ് ബാധിച്ചു. ഹോങ്കോങ്ങിൽ 31 കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ചെയ്തു.