തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ടുള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും ഇന്ന് (ജൂൺ 17) ജില്ലാ കളക്ടർ അവധി നൽകി. കോട്ടയത്തും കാസർകോടും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അതാത് ജില്ലയിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത നാലു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്.
കോഴിക്കോട് മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുകയാണ്. ശക്തമായ തിരയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രതയിലാണ്. കോഴിക്കോട് ബീച്ചിൽ നിന്നും ആളുകളെ പൊലീസ് ഇന്നലെ ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷന്റെ ഗ്ലാസ് തകർന്നു. മാറാട് വെസ്റ്റ് മാഹിയിൽ രാവിലെ ചുഴലിക്കാറ്റടിച്ചു. മരങ്ങൾ കടപുഴകി വീണു. തൂണേരിയിൽ ബഡ്‌സ് സ്കൂളിന് മുകളിൽ മൺതിട്ടയിടിഞ്ഞ് വീണ് കെട്ടിടം തകർന്നു. കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. 12 ഓളം വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി മുടങ്ങി.
കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. നദീതീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കാസർകോട് ചെർക്കള ബേവിഞ്ചക്ക് സമീപം ദേശീയ പാതയിൽ മണ്ണിടിഞ്ഞു. ഇതേത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചന്ദ്രഗിരി പാലം സംസ്‌ഥാന പാത വഴി വഴി തിരിച്ചു വിട്ടിരിക്കുകയാണ്. കണ്ണുരും കാസർകോടും പെയ്യുന്ന കനത്ത മഴയിലും നിരവധി നാശനഷ്‌ടങ്ങളുണ്ടായി. നിർമാണം നടക്കുന്ന ദേശീയപാതയിലടക്കം മണ്ണിടിച്ചിലുണ്ടായി.
വയനാട്ടിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെട്ടെങ്കിലും ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ചയുണ്ടായി. കണ്ണിന് ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററിൽ ആണ് ചോർച്ചയുണ്ടായത്. രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ശസ്ത്രക്രിയ മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എട്ടുപേർക്കാണ് ആശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എല്ലാം മാറ്റിവച്ചു.
എറണാകുളം കണ്ണമാലിയിലും ചെറിയകടവിലും കടലാക്രമണത്തിൽ എട്ട് വീടുകൾ ഭാഗികമായി തകർന്നു. വേലിയേറ്റം ശക്തമായതോടെ തോപ്പുംപടി – ചെല്ലാനം തീരദേശ റോഡ് പലയിടങ്ങളിലും മുങ്ങി. നാശനഷ്ടങ്ങൾ തുടരുമ്പോഴും സർക്കാർ നടപടിയെടുക്കാത്തതിൽ തീരദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 49 പേർ മരിച്ചു. 49 പേരെ കാണാതായി. 131 പേർക്ക് പരുക്കേറ്റു. 111 വീടുകൾ പൂർണമായും 4081 വീടുകൾ ഭാഗികമായും തകർന്നു. മഴയെ തുടർന്ന് സംസ്ഥാനത്ത് 12 ദുരിതാശ്വാസ ക്യാംപുകളിലായി 68 കുടുംബങ്ങളിലെ 224 പേരെ മാറ്റിപ്പാർപ്പിച്ചു.