തിരുവനന്തപുരം: സംസ്ഥാനത്ത് സാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ മണൽ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലെ 17 നദികളിൽ നിന്നു മണൽവാരാനുള്ള മാർഗനിർദേശങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഭാവിയിൽ മണൽ ലഭ്യത കണ്ടെത്താൻ സാധ്യതയുള്ള നദികൾക്കും ഇതു ബാധകമാണ്. കടവുകളും അവയുടെ വിസ്തൃതിയും അടിസ്ഥാനമാക്കിയാകും മണൽവാരലിന്റെ തോത് അംഗീകൃത ഏജൻസികൾ നിശ്ചയിക്കുക.
പ്രളയകാലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് തയാറാക്കിയ പന്ത്രണ്ടിന മാർഗനിർദേശങ്ങൾ അംഗീകരിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവയുടെ വിജ്ഞാപനങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധികളും അടിസ്ഥാനമാക്കി തയാറാക്കിയതാണീ മാർഗനിർദേശങ്ങൾ.
നദികളിലെ മണലിന്റെ അളവ്, വാരിമാറ്റേണ്ട മണൽ ശേഖരം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ജില്ലാ സർവേ റിപ്പോർട്ട് തയ്യാറാക്കേണ്ടതിന്റെയും പരിസ്ഥിതി അനുമതി നൽകേണ്ടതിന്റെയും ചുമതല നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (നാബെറ്റ്) അല്ലെങ്കിൽ ക്വാളിറ്റി കൺട്രോൾ ഓഫ് ഇന്ത്യ അംഗീകരിച്ച കൺസൽറ്റന്റിന് നിക്ഷിപ്തമായിരിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർമാരാണ് അനുമതി നൽകുക. 2016 ജനുവരിയിലാണ് സംസ്ഥാനത്ത് മണൽവാരൽ പൂർണമായി നിർത്തിയത്. 2006-ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മണൽവാരലിനു പാരിസ്ഥിതിക അനുമതി വേണമെന്ന നിർദേശം 2015-ൽ നടപ്പാക്കിയതോടെയാണു നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ സി എസ് ഐ ആർ- എൻ ഐ ഐ എസ് ടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസസ് ആൻഡ് ടെക്നോളജി) 11 ജില്ലകളിൽ സർവേ റിപ്പോർട്ടുകൾ തയാറാക്കിയപ്പോഴാണ് 8 ജില്ലകളിലെ നദികളിൽ മണൽ ലഭ്യത കണ്ടെത്തിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട്, തൃശൂർ, മലപ്പുറം, പാലക്കാട് എന്നിവയാണ് ഈ ജില്ലകൾ. മണൽ വാരൽ പുനരാരംഭിക്കുന്നത് പ്രളയ ഭീഷണി ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ കേരളത്തിലെ നിർമ്മാണ മേഖല കൂടുതൽ സജീവമാകുമെന്നും കരുതുന്നു.
റിപ്പോർട്ട്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട