പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും കേരള സര്‍ക്കാരിനെയും പ്രശംസിച്ചതിൽ നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും ശശി തരൂര്‍ ആർത്തിച്ചു. തന്റെ ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിൽ പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും ശശി തരൂർ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഇത് തുടരണമെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും. ഇപ്പോള്‍ ഭരിക്കുന്നവര്‍ അന്ന് എതിര്‍ക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും തരൂർ പറഞ്ഞു.
കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാല്‍പര്യം നോക്കണം. അതിൽ രാഷ്ട്രീയ താല്‍പര്യം നോക്കരുത്. ഇതാണ് തന്‍റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
മോദിയുടെ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുമ്പോഴാണ് തരൂരിന്‍റെ തലോടല്‍ എന്നത് കോൺഗ്രസ് നേതൃത്വത്തെ അപ്പാടെ ഞെട്ടിച്ചിട്ടുണ്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടിമുടി വിമര്‍ശിക്കുമ്പോഴായിരുന്നു തരൂരിന്‍റെ പുകഴ്തത്തല്‍ എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത് മുതലിങ്ങോട്ട് തരൂരിന്‍റെ നീക്കങ്ങളെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. പ്രവർത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതു പോലും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയതിൽ എന്ത് നടപടിയുണ്ടാകുമെന്ന് കണ്ടറിയണം. നേരത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂര്‍ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. തരൂരിന്‍റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ദേശീയ വക്താവ് പവന്‍ ഖേര പറഞ്ഞു.
ശശി തരൂര്‍ എം.പിയുടെ പ്രസ്താവനയെ രമേശ് ചെന്നിത്തല തള്ളി. കേരളം വ്യവസായ സൗഹൃദമാണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും മൂന്നുലക്ഷം വ്യവസായങ്ങള്‍ ഇവിടെ വന്നുവെന്ന് പറയുന്നതും വ്യവസായങ്ങള്‍ വളരുന്നു, വ്യവസായ സൗഹൃദമെന്ന് ആവര്‍ത്തിക്കുന്നതും ശുദ്ധ തട്ടിപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തയ്യല്‍ക്കടകളും ചെറിയ കടകളും തുടങ്ങിയതെല്ലാമെടുത്ത് ഇതെല്ലാം വ്യവസായമാണെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വ്യവസായങ്ങള്‍ വരികയോ വളരുകയോ ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മിനിറ്റില്‍ വ്യവസായം തുടങ്ങാന്‍ കഴിയുമെന്ന് പറഞ്ഞ് ആളുകള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ടാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, ഒരു മിനിറ്റില്‍ വ്യവസായങ്ങള്‍ പൂട്ടുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തരൂരിനെതിരെ കെ.മുരളീധരനും രംഗത്തെത്തി. ‘‘തരൂര്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. ഞാന്‍ സാധാരണ പ്രവര്‍ത്തകനും. അഭിപ്രായം പറയാനില്ല. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടല്ല. വിഷയത്തില്‍ ദേശീയ നേതൃത്വം മറുപടി പറയണം.’’ – കെ. മുരളീധരന്‍ പറഞ്ഞു.
അതേസമയം കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിക്ഷേപ സൗഹൃദ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കോഴിക്കോട് മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിന്റെ ലേഖനം വസ്തുതകൾ തുറന്നുകാണിക്കുന്നതാണെന്നും വസ്തുതാപരമായ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തരൂരിന്റെ ലേഖനത്തിനു മന്ത്രി പി.രാജീവ് നന്ദി അറിയിച്ചു.
കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
കെസി വേണുഗോപാൽ മുതൽ താഴേക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ തരൂരിനെ തള്ളിപ്പറയുമ്പോൾ വ്യത്യസ്ഥ നിലപടുമായി ശബരീനാഥൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. കേരളത്തിൻ്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് മുൻ എംഎൽഎ ആയ കെ എസ് ശബരീനാഥൻ പറഞ്ഞു. എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കമായിരുന്നു. കേരളത്തിന്‍റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നിൽക്കാമെന്നും എന്നാൽ റോമാ നഗരം ഒരു ദിവസം കൊണ്ട് വളര്‍ന്നതല്ലെന്ന് കൂടി ഓര്‍ക്കണമെന്നും ശബരീനാഥൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിന്‍റെ ലേഖനം. ‘ചെയ്ഞ്ചിങ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. നാടിന്‍റെ വളര്‍ച്ച ക്യാപ്പിറ്റലിസത്തിലാണെന്ന് ബംഗാളിലേതു പോലെ കേരളത്തിലെ കമ്യൂണിസ്റ്റുകളും മനസ്സിലാക്കിയെന്നാണ് തരൂരിന്‍റെ നിരീക്ഷണം.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയാണ് തരൂർ മോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയത്. ‘‘മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്’’ എന്നായിരുന്നു ട്രംപിന്‍റെ വാക്കുകൾ. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞുവെങ്കില്‍, അതു വെറുതെയാവില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ട്രംപ്–മോദി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് പ്രതീക്ഷയ്ക്ക് വകയുള്ള വാര്‍ത്തകളാണെന്നും തരൂർ പറഞ്ഞു. താരിഫുകളെ ബന്ധപ്പെട്ട് കുറച്ചു കൂടി ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഒക്ടോബറോടെ താരിഫ് സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ നമ്മുടെ കയറ്റുമതിയെ സാരമായി അത് ബാധിക്കുമെന്നും തരൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടിമുടി വിമര്‍ശിക്കുമ്പോഴായിരുന്നു തരൂരിന്‍റെ പുകഴ്ത്തൽ. തരൂരിന്‍റെ പ്രസ്താവനക്ക് പിന്നാലെ മോദി നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം ബി ജെ പി സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്.