തിരുവനന്തപുരം : കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുന്ന സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കെപിസിസി നേതൃമാറ്റത്തെക്കുറിച്ചുള്ള തീരുമാനം രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖർഗെക്കും വിട്ടുകൊടുത്തിരിക്കുകയാണ് കോൺഗ്രസ്.
ആന്റോ ആന്റണിയുടെ പേര് അധ്യക്ഷ പദവിക്ക് സജീവ ചർച്ചയായിരിക്കെ ഫോട്ടോ കണ്ടാൽ മനസിലാകുന്നയാളെ പ്രസിഡന്റ്റാക്കണമെന്ന് കെ മുരളീധരൻ പരിഹസിച്ചു. കെ സുധാകരന്‍ മാറണമെന്ന് തങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളില്‍ ഒരു സമുദായവും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഏതെങ്കിലും സമുദായം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഇതെല്ലാം പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. നേതൃമാറ്റ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന് മുന്നില്‍ കത്തോലിക്കാ സഭ അധ്യക്ഷന്മാരായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടിനായിരുന്നു പ്രതികരണം.
അതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണിക്കും, സണ്ണി ജോസഫിനുമെതിരെ എറണാകുളം കളമശ്ശേരിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു . ഫോട്ടോ കണ്ടാൽ പോലും സാധാരണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആന്റോ ആന്റണിയും, സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്നാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകന്‍ മാറേണ്ട ആവശ്യമില്ലെന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണി പറഞ്ഞു. ധീരമായി നയിക്കുന്ന മികച്ച നേതാവാണ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നയിച്ച എല്ലാ തിരഞ്ഞെടുപ്പും വിജയിച്ചു. ആദരവും മതിപ്പുമാണ് അദ്ദേഹത്തിനോട് എന്നും ആന്റോ ആന്റണി പറഞ്ഞു. തന്നെ പരിഗണിക്കുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് എല്ലാം തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണ്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ആണ് എന്നും ആന്റോ ആന്റണി പറഞ്ഞു.
എന്നാൽ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാൻഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു. മാത്രമല്ല പിണറായി വിജയനെ ഭരണത്തിൽ നിന്ന് താഴെയിറക്കുകയാണ് ലക്ഷ്യമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം നേടിയാൽ രാഷ്ട്രീയത്തിൽ നിന്നുതന്നെ പടിയിറങ്ങുമെന്നും സുധാകരൻ പറഞ്ഞു.
തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്ന് കെ സുധാകരൻ