Wednesday, July 23, 2025
Mantis Partners Sydney
Home » കെനിയ ബസപകടം; ഖത്തറിൽ നിന്ന് വിനോദ യാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ; മുഖ്യമന്ത്രി അനുശോചിച്ചു
കെനിയ ബസപകടം

കെനിയ ബസപകടം; ഖത്തറിൽ നിന്ന് വിനോദ യാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ; മുഖ്യമന്ത്രി അനുശോചിച്ചു

by Editor

ദോഹ: ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘം കെനിയയിൽ അപകടത്തിൽപെട്ട് ആറ് മരണം. മരിച്ചവരിൽ അഞ്ചും മലയാളികൾ. പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ ആൻ (41), മകൾ ഡെയ്റ (ഏഴ്), ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), റൂഹി മെഹ്റിൽ മുഹമ്മദ് (18 മാസം), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58) എന്നിവരാണ് മരിച്ചത്. റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. മലയാളികളടക്കം മുപ്പതോളം പേർക്കാണ് അപകടത്തിൽ പരിക്കുള്ളത്. ഇവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ നയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും. യാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. വാഹനത്തിന്റെ നിയന്ത്രണം നഷ്ട‌മായതാണ് അപകടകാരണമെന്നും ബസ് പലതവണ മലക്കം മറിഞ്ഞെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

പ്രാദേശിക സമയം തിങ്കളാഴ്‌ച വൈകുന്നേരം നാല് മണിയോടെ ന്യാൻഡറുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക്-നകുരു റോഡിലാണ് അപകടം നടന്നത്. മസായി മാരാ നാഷണൽ പാർക്കിയിൽ നിന്ന് ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ബസിൽ 28 ഇന്ത്യൻ വിനോദ സഞ്ചാരികളും മൂന്ന് ടൂർ ഗൈഡുകളും ഡ്രൈവറും ഉൾപ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്. ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി ന്യാൻഡറുവ സെൻട്രൽ പൊലീസ് ഉദ്യോഗസ്ഥ സ്റ്റെല്ല കീറോണോ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണെന്നും അവർ അറിയിച്ചു.

കെനിയയിലെ വാഹനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികൾ മരണപ്പെട്ടതായാണ് വിവരം.

നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാഗങ്ങൾ അറിയിച്ചിട്ടുണ്ട്. നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കാനാകുമെന്നും അപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങളും നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും അവർ അറിയിച്ചു. നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മലയാളി അസോസിയേഷന്‍, ലോകകേരളസഭാ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവര്‍. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം.

അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി.പി. രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന്‍ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!