കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രവാസി സ്‌പോൺസർക്ക് 30,000 ദിനാർ പിഴയും മൂന്ന് വർഷം തടവുമെന്ന ശിക്ഷ കോടതി വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് സ്വദേശിയായ പ്രവാസിയുടെ വീട്ടില്‍ ഗാര്‍ഹിക തൊഴിലാളിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ കഠിന ശിക്ഷ വിധിച്ചത്.
അന്വേഷണത്തിൽ, ഇയാൾ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിക്കുകയും വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം നിഷേധിച്ച് പീഡിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. കേസിൽ, കീഴ്‌ക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീൽ ഹർജി തള്ളുകയും, താൽക്കാലിക നഷ്ടപരിഹാരം നൽകാനുള്ള പ്രാഥമിക കോടതി വിധി ശരിവെക്കുകയും ചെയ്തു. അതേസമയം, പ്രവാസിയായ വീട്ടുടമയുടെയോ ജോലിക്കാരിയുടെയോ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ശാരീരികവും മാനസികവുമായ പീഡനം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, ഇരയുടെ ശരീരത്തിൽ തീകൊണ്ട് പൊള്ളിക്കൽ, മർദ്ദനത്തിലൂടെ ശാരീരിക വൈകല്യം ഉണ്ടാക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതിക്കെതിരെ പരമാവധി ശിക്ഷ നൽകണമെന്ന് ഇരയുടെ അഭിഭാഷകൻ മുഹമ്മദ് അൽ അജ്മി വാദിച്ചു. അതേസമയം, പ്രതിക്കെതിരേ വിധിച്ച നഷ്ടപരിഹാരം “രക്തപ്പണം” എന്ന നിലയിൽ കണക്കാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി മൂന്ന് വർഷവും നാല് മാസവും കഠിന തടവ് അനുഭവിക്കണമെന്നുമാണ് പ്രാഥമിക കോടതി വിധി. ശിക്ഷാ കാലാവധി കഴിഞ്ഞതിന് ശേഷം, രാജ്യത്ത് നിന്ന് നാടുകടത്തലിന് വിധേയനാകണമെന്നും കോടതി നിർദേശിച്ചു. പ്രതിയുടെ വീട്ടിൽ നാലു വർഷത്തോളം ജോലി ചെയ്ത വീട്ടുജോലിക്കാരി, 2021-22 കാലയളവിൽ പ്രതിയുടെ ഭാര്യയുടെ സംരക്ഷണത്തിലേക്ക് മാറ്റിയതായി മൊഴി നൽകിയിരുന്നു. ഈ കാലഘട്ടത്തിലാണ് പ്രതി ശാരീരിക പീഡനം തുടങ്ങിയത്.
വളരെ സാവധാനം ജോലി ചെയ്യുന്നതായി ആരോപിച്ച്, കൈകൊണ്ടും മരക്കമ്പുകളൊന്നിച്ച് അലുമിനിയം വടികളൊന്നിച്ച് നിരന്തരം മർദ്ദിക്കുക പതിവായിരുന്നുവെന്ന് വീട്ടുജോലിക്കാരി പറഞ്ഞു. പിന്നീട്, ഒരു മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം നിഷേധിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്ന് അവശയായ ജോലിക്കാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെയാണ് സംഭവം പുറത്തായത്. ആശുപത്രിയിൽ വെച്ച്, ഉദ്യോഗസ്ഥരോട് തന്റെ അനുഭവങ്ങളെ കുറിച്ച് അവൾ വെളിപ്പെടുത്തി. കൈമുട്ട് ഒടിഞ്ഞതുള്‍പ്പെടെ ഒന്നിലധികം പരിക്കുകൾ ഉണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പ്രവാസിയായ സ്‌പോൺസറിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.