ഇടുക്കി: തൊടുപുഴ തൊമ്മൻകുത്തിൽ വനം വകുപ്പ് കുരിശു പൊളിച്ച സ്ഥലത്ത് പ്രാർത്ഥനയുമായി വിശ്വാസികൾ. കുരിശിന്റെ വഴിയുമായി എത്തിയ വിശ്വാസികളെ വനംവകുപ്പും, പൊലീസും തടഞ്ഞു. 500 ഓളം വരുന്ന വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ ഭാഗമായത്. തൊമ്മൻകുത്ത് സെന്റ്തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് കൈവശ ഭൂമിയിൽ ആണെന്നാണ് സഭ പറയുന്നത് എന്നാൽ വനം വകുപ്പ് ഭൂമിയെന്നാണ് സർക്കാർ പറയുന്നത്.
രാവിലെ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി ചടങ്ങുകൾക്ക് ശേഷമാണ് വനംവകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് പള്ളിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തിയത്. കുരിശ് സ്‌ഥാപിക്കില്ലെന്നും പ്രാർത്ഥന നടത്തി തിരികെ പോകുമെന്നും വൈദികർ ഉൾപ്പെടെ പറഞ്ഞെങ്കിലും ഉദ്യോഗസ്‌ഥർ സമ്മതിച്ചില്ല. തുടർന്ന് വലയം ഭേദിച്ച് കുരിശുമായി കയറി. പ്രാർത്ഥന നടത്തി. വനഭൂമിയിൽ അതിക്രമിച്ചു കയറിയതിന് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് തീരുമാനം.
കുടിയേറ്റ മേഖലയായ തൊടുപുഴ തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളിയുടെ നാരങ്ങാനത്തെ കൈവശ സ്ഥലത്ത് സ്ഥാപിച്ച കുരിശ് വനപാലകർ പൊളിച്ചു മാറ്റിയ നടപടി നിയമ വിരുദ്ധവും ക്രൈസ്തവ വിശ്വാസത്തോടുള്ള അവഹേളനവും മത സ്വാതന്ത്യത്തിൻ്റെ ലംഘനവുമാണെന്ന് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തൊമ്മൻകുത്ത് മേഖലയിൽ പതിറ്റാണ്ടുകളായി ആളുകൾ കൈവശ ഭൂമിയിൽ താമസിച്ചു വരുന്നു. അപ്രകാരം ഇടവകക്കാർക്ക് ആറ് പതിറ്റാണ്ടായി കൈവശാവകാശമുള്ളതും ഇ.എം.എസ് ഭവനപദ്ധതി ഉൾപ്പെടെ നിർമാണങ്ങൾ ഉള്ളതുമായ പ്രദേശത്ത് വനംവകുപ്പ് ജണ്ടയ്ക്ക് 750 മീറ്റർ അകലത്തിൽ ഇടവക സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മതവികാരം വ്രണപ്പെടുത്തിക്കൊണ്ട് പൊളിച്ചു കളഞ്ഞത്. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയും അങ്ങേയറ്റം പ്രതിഷേധാർഹമായ കടന്നു കയറ്റവുമാണ്.
സംസ്ഥാനത്തുടനീളം വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങൾ ഗൗരവമുള്ളതാണ്. ജനങ്ങളുടെ കൈവശ ഭൂമിയിലെ ക്രിസ്‌ത്യൻ മതപ്രതീകങ്ങളും ആരാധനാ കേന്ദ്രങ്ങളും നശിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾക്കു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. ഈ വിഷയത്തിൽ ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിശബ്ദത പാലിക്കുന്നത് അപലപനീയമാണ്. നിയമ വിരുദ്ധവും മതസ്‌പർദ്ധ വളർത്തുന്നതുമായ രീതിയിൽ പരിധിവിട്ടു പ്രവർത്തിക്കുന്ന വനപാലകർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണം. മാത്രമല്ല, തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളിയുടെ കുരിശ് പുനസ്ഥാപിക്കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകണമെന്ന് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.