പത്തനാപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ പേരിൽ ലഹരി പാർട്ടി സംഘടിപ്പിച്ച സംഘത്തെ എക്സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ നാല് പേരെയാണ് കൊല്ലം പത്തനാപുരത്ത് അറസ്റ്റ് ചെയ്തത്. കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിനായി ലഹരി പാർട്ടി സംഘടിപ്പിച്ചെന്നാണ് കണ്ടെത്തിയത്. പത്തനാപുരത്തെ എം.എം. അപാർട്മെന്റ് എന്ന ലോഡ്ജിൽ മുറിയെടുത്തായിരുന്നു സംഘത്തിന്റെ ആഘോഷം.
പരിശോധനയിൽ 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ അന്വേഷണം നടത്തുന്നതായി എക്സൈസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശികൾ പത്തനാപുരത്തെത്തി ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കാണ് ലഭിച്ചത്. തുടർന്ന് കൊല്ലം എക്സൈസ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു.